ഓൺലൈനിലെ വ്യാജ ജോലി വാഗ്ദാനങ്ങളുടെ പേരിൽ തട്ടിപ്പിനിരയാകാതെ നോക്കണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. ജോലി ഓഫറുമായി ബന്ധപ്പെട്ട് രജിസ്ട്രേഷനു വേണ്ടിയോ അല്ലാതെയോ ആദ്യം അങ്ങോട്ടു പണം ആവശ്യപ്പെടുക മാത്രമല്ല, എടിഎം നമ്പർ, പിൻ, ഒടിപി തുടങ്ങിയവ ചോദിക്കുമ്പോൾ തന്നെ തട്ടിപ്പാണെന്ന് മനസ്സിലാക്കണം. വ്യാജ പാർട്ട് ടൈം ജോലി ഓഫർ തട്ടിപ്പിൽപെടുന്നവർക്ക് സമയനഷ്ടവും ധനനഷ്ടവുമാകും ഫലം. കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് പങ്കുവച്ചിരിക്കുന്നത്.
ഓൺലൈനിലൂടെയുള്ള ജോലി വാഗ്ദാനങ്ങൾ വർധിച്ചു വരുകയാണ്. ഇതിനെല്ലാം ഇടയിൽ നിരവധി വ്യാജന്മാർ പ്രവർത്തിക്കുന്നുണ്ട്. ചില ഓൺലൈൻ ജോലി വാഗ്ദാനങ്ങൾ ശുദ്ധ തട്ടിപ്പാണ്. ഓൺലൈനിലെ വ്യാജ ജോലി വാഗ്ദാനങ്ങളെ എങ്ങനെ തിരിച്ചറിയാമെന്ന് ജനങ്ങളോട് വ്യക്തമാക്കുകയാണ് കേരള പൊലീസ്.
ഓൺ ലൈൻ ജോലിയുടെ പേരിൽ ഇന്ന് ധാരാളം പേരുടെ പണം പോകുന്നുണ്ട്. പാർട്ട് ടൈം ജോലിയുടെ പേരിൽ നടക്കുന്ന തട്ടിപ്പിൽ സ്ത്രീകളാണ് കൂടുതലും ഇരയാകുന്നത്. തട്ടിപ്പുകാരുടെ കെണിയിൽ വീഴാതിരിക്കാൻ എപ്പോഴും ജാഗ്രത കൂടിയേ തീരൂ. കാണുന്ന അവസരങ്ങളെയെല്ലാം കണ്ണും പൂട്ടി വിശ്വസിച്ചാൽ ധനനഷ്ടവും സമയനഷ്ടവുമാകും ഫലം. ഏതവസരം കണ്ടാലും കൃത്യമായി വിലയിരുത്തിയേ മുന്നോട്ടു പോകാവൂ എന്നാണ് പൊലീസിന്റെ നിർദേശം.
Post a Comment