പയ്യന്നൂര്‍: വീടുവിട്ടിറങ്ങി റോഡില്‍ ഒറ്റപ്പെട്ടുപോയ പത്തുവയസുള്ള കുട്ടിക്ക് പയ്യന്നൂര്‍ പോലീസ് തുണയായി.
നൈറ്റ് ഓഫീസര്‍ പയ്യന്നൂര്‍ എഎസ്ഐ മുഹമ്മദ് സലീമിന്റെ നേതൃത്വത്തിലുണ്ടായിരുന്ന വിജു മോഹന്‍, അനൂപ് എന്നിവരടങ്ങിയ സംഘമാണ് കുട്ടിക്ക് തുണയായി മാറിയത്.
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ വളപട്ടണം പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം. ജയിലിലാക്കേണ്ട പ്രതിക്ക് എസ്കോര്‍ട്ട് പോയി തിരിച്ചുവരുന്നതിനിടയിലാണ് റോഡില്‍ പരിഭ്രമിച്ച് നില്ക്കുന്ന കുട്ടിയെ കണ്ടത്.
വാഹനം നിര്‍ത്തി കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് വീട്ടില്‍നിന്നും നടക്കാനിറങ്ങി റോഡില്‍ ഒറ്റപ്പെട്ടുപോയതെന്ന് മനസിലായത്.
ഗള്‍ഫിലുള്ള അച്ഛന്റെയോ വീട്ടിലെ മറ്റുള്ളവരുടെയോ ഫോണ്‍ നമ്പറും കുട്ടിക്ക് അറിയില്ലായിരുന്നു. ഇതേതുടര്‍ന്ന് കുട്ടിയെ വാഹനത്തില്‍ കയറ്റി വളപട്ടണം പോലീസ് സ്റ്റേഷനിലേല്‍പ്പിക്കുകയായിരുന്നു.
പോലീസ് സ്റ്റേഷനില്‍നിന്നും ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ കുട്ടിയുടെ അച്ഛന്റെ തിരിച്ചറിഞ്ഞതിലൂടെയാണ് കുട്ടിയുടെ അമ്മയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് വിവരം ധരിപ്പിച്ചത്.
കുട്ടിയെ കാണാതെ പരിഭ്രാന്തിയിലായിരുന്ന അമ്മ ഉടന്‍ പോലീസ് സ്റ്റേഷനിലെത്തുകയും കുട്ടിയെ തിരിച്ചറിയുകയും ചെയ്തതോടെ പോലീസ് അമ്മയോടൊപ്പം കുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നു.
Post a Comment