Join News @ Iritty Whats App Group

മഴക്കെടുതി; അടിയന്തിര സാഹചര്യവും നേരിടാൻ സജ്ജമാകണം, ജില്ലാ പൊലീസ് മേധാവിമാർ ജാഗ്രത പുലർത്തണമെന്ന് ഡിജിപി


തിരുവന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ ജില്ലാ പൊലീസ് മേധാവിമാർ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. ഏത് അടിയന്തിര സാഹചര്യവും നേരിടാൻ സേന സജ്ജമാകണം എന്നാണ് നിര്‍ദ്ദേശം. 112 കൺട്രോൾ റൂമിലേക്ക് വരുന്ന കോളുകളിൽ അടിയന്തര നടപടി വേണമെന്നും നിര്‍ദ്ദേശമുണ്ട്. എഡിജിപി എം ആർ അജിത്തിനെ സേനാവിന്യാസത്തിന്‍റെ നോഡൽ ഓഫീസറാക്കി നിയമിച്ചു. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂം ആരംഭിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. 

അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കാന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ദുരന്തനിവാരണ സംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ പൊലീസ് മേധാവിമാര്‍ ജില്ലാ കളക്ടര്‍മാരുമായും ജില്ലാതല ദുരന്തനിവാരണ സമിതിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തും. ജെ സി ബി, ബോട്ടുകള്‍, മറ്റു ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എന്നിവ എല്ലാ പൊലീസ് സ്റ്റേഷനുകളിലും തയ്യാറാക്കി വെയ്ക്കും. തീരപ്രദേശങ്ങളില്‍ സുരക്ഷാ ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ തീരദേശ പോലീസ് സ്റ്റേഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എമര്‍ജന്‍സി റെസ്പോണ്‍സ് നമ്പരായ 112 ലേയ്ക്ക് വരുന്ന എല്ലാ കോളുകളും 24 മണിക്കൂറും അടിയന്തിര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യും. 
     
മണ്ണിടിച്ചില്‍ പോലെയുള്ള അപകടങ്ങള്‍ സംഭവിക്കാനിടയുള്ള സ്ഥലങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തും. അവശ്യഘട്ടങ്ങളില്‍ പൊലീസിന്‍റെ എല്ലാ വിഭാഗങ്ങളുടെയും സേവനം പൊതുജനങ്ങള്‍ക്ക് താമസംവിനാ ലഭ്യമാക്കാന്‍ യൂണിറ്റ് മേധാവിമാര്‍ നടപടി സ്വീകരിക്കും. റോഡരികില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റാന്‍ ഫയര്‍ഫോഴ്സുമായി ചേര്‍ന്ന് നടപടി സ്വീകരിക്കും. അപകടമേഖലകളില്‍ നിന്ന് ജനങ്ങളെ അതിവേഗം മാറ്റി പാര്‍പ്പിക്കുന്നതിന് പോലീസ് സഹായം ഉറപ്പാക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്ന മുറയ്ക്ക് അന്തേവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വനിതാ പൊലീസ് ഉള്‍പ്പെടെയുളളവരുടെ സേവനം ലഭ്യമാക്കും.
       
പൊലീസ് വിന്യാസത്തിന്‍റെ ചുമതലയുള്ള നോഡല്‍ ഓഫീസറായി സായുധ പൊലീസ് ബറ്റാലിയന്‍ വിഭാഗം എഡിജിപി എം ആര്‍ അജിത്കുമാറിനെയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസറായി ക്രമസമാധാനവിഭാഗം എഡിജിപി വിജയ് എസ് സാക്കറെയെയും നിയോഗിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group