സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് തുടരുകയാണെന്ന് റവന്യൂമന്ത്രി കെ രാജന്‍. കാറ്റിന്റെ ശക്തി കൂടുകയാണ്. മണിക്കൂറില്‍ 55 കിമീ വേഗതയില്‍ വരെ നിലവില്‍ കടലില്‍ കാറ്റ് വീശുന്നുണ്ട്. ജനങ്ങള്‍ ഭയക്കേണ്ട സാഹചര്യമില്ല. എന്നാല്‍ കര്‍ശനമായ ജാഗ്രത പാലിക്കണം.
കഴിഞ്ഞ 18 മണിക്കൂറില്‍ മഴയുടെ അളവില്‍ കുറവുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഡാം മാനേജ്‌മെന്റ് കൃത്യമായി നടക്കുന്നുണ്ട്. റൂള്‍ കര്‍വ് അനുസരിച്ച് ഡാമുകളിലെ ജലനിരപ്പ് ക്രമീകരിച്ചിട്ടുണ്ട്. കൃത്യമായ ഇടവേളകളില്‍ ഡാമുകളിലെ ജലനിരപ്പ് പരിശോധിച്ച് വെള്ളം ഒഴുക്കിവിടുന്നുണ്ട്. പത്തനംതിട്ടയടക്കം മഴക്കെടുതി രൂക്ഷമായ ജില്ലകളില്‍ ദേശീയ ദുരന്ത നിവാരണസേനയെ വിന്യസിച്ചു.. ശബരിമല തീര്‍ത്ഥാടനത്തിന് തടസ്സമില്ല. എന്നാല്‍ പമ്പയില്‍ സ്‌നാനം അനുവദിക്കില്ല. വെള്ളം കേറിയ സ്ഥലങ്ങളിലും മറ്റു ദുരന്തമേഖലകളിലും ജനങ്ങള്‍ സന്ദര്‍ശനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം ദുരന്ത ടൂറിസം ഒരു തരത്തിലും അത് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നാല് ദിവസം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും ആ നിലയിലുള്ള മഴ ഈ മണിക്കൂറുകളില്‍ ഇല്ല. അഞ്ചാം തീയതിയോട് കൂടി സാധാരണ നിലയിലേക്ക് കേരളം എത്തും എന്നാണ് പ്രതീക്ഷ. വടക്കന്‍ കേരളത്തില്‍ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
അതേസമയം സംസ്ഥാനത്ത് പത്തു ജില്ലകളില്‍ റെഡ് അലര്‍ട്ടും നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്. ആലപ്പുഴ മുതല്‍ കണ്ണൂര്‍ വരെയാണ് റെഡ് അലര്‍ട്ട്. മറ്റ് നാലു ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. ഇതുവരെ 13 പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. കൊല്ലം ഇത്തിക്കരയാറില്‍ ഇന്നലെ കാണാതായ നൗഫലിന്റെ മൃതദേഹം ഇന്ന് കണ്ടെത്തി. 12 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധിയാണ്. സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി വെച്ചു.
Post a Comment