കൊച്ചി: എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിലെ എ.ടിഎമ്മുകളിൽ സ്കെയിൽ പോലുള്ള ഉപകരണം വെച്ച് കൃത്രിമം നടത്തി പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. യു.പി സ്വദേശി മുബാറക്ക് ആണ് ഇടപ്പള്ളിയിൽ വെച്ച് പോലീസിന്റെ പിടിയിലായത്. മുബാറക്കിനെ കളമശ്ശേരിപോലീസ് സ്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇയാളിൽ നിന്ന് സ്കെയിൽ പോലുള്ള വസ്തുവും പിടിച്ചെടുത്തിട്ടുണ്ട്. നഗരത്തില 13 എ.ടി.എമ്മുകളിൽ നിന്ന് പണം നഷ്ടമായതായാണ് പ്രാഥമിക വിവരം. മെഷീനിലെ പണം വരുന്ന ഭാഗം സ്കെയിൽ പോലെയുള്ള ഉപകരണം ഉപയോഗിച്ച് തടസ്സപ്പെടുത്തിയാണ് തട്ടിപ്പ്.
ഇടപാടുകാരൻ കാർഡിട്ട് പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ പണം ലഭിക്കാതെ വരും. പിന്നാലെ എ.ടി.എമ്മിൽ കയറുന്ന മോഷ്ടാവ് ബ്ലോക്ക് മാറ്റി പണം എടുക്കും. വിവിധ എ.ടി.എമ്മുകളിൽ നിന്നായി 25000 രൂപ നഷ്ടമായതായാണ് പ്രാഥമിക വിവരം. സാങ്കേതിക തകരാറ് മൂലം എ.ടി.എമ്മിൽ നിന്നും പണം പുറത്തുവന്നില്ലെങ്കിൽ അത് ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് തിരിച്ചെത്തുകയാണ് പതിവ്. എന്നാൽ അങ്ങനെ സംഭവിക്കാതായതോടെ ഉപഭോക്താക്കൾ ബാങ്കിൽ
പരാതിപ്പെടുകയായിരുന്നു. തുടർന്ന് ബാങ്ക് അധികൃതർ പോലീസിനെ അറിയിച്ചു.
കളമശ്ശേരി, തൃപ്പൂണിത്തുറ, തിരുവാങ്കുളം, വൈറ്റില, കടവന്ത്ര, ചേന്ദമംഗലം, ഇടപ്പള്ളി, ബാനർജി റോഡ് എന്നിങ്ങനെ പല സ്ഥലങ്ങളിൽ നിന്നും പരാതി ലഭിച്ചിട്ടുണ്ട്. എ.ടി.എമ്മിൽ നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് പ്രതി വലയിലായത്. മോഷണരീതി ആവിഷ്കരിച്ചത് എങ്ങനെയാണെന്നും കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ കൂടുതൽ ചോദ്യംചെയ്യലിന് ശേഷമേ പറയാനാവൂ എന്ന് പോലീസ് അറിയിച്ചു
إرسال تعليق