സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുന്ന ഹര്‍ ഘര്‍ തിരംഗയ്ക്ക് എന്ന് തുടക്കം. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് എല്ലാ വീടുകളിലും പതാക ഉയര്‍ത്തും. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരുകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയുണ്ട്.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി രാജ്യമൊട്ടാകെ വിപുലമായ പരിപാടികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കോളജുകള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വായന ശാലകള്‍, ക്ലബ്ബുകള്‍, പഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിങ്ങനെ എല്ലായിടങ്ങളിലും ദേശീയ പതാക ഉയര്‍ത്തും. ആഗസ്റ്റ് 15 വരെ പതാക ഉയര്‍ത്തണമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്തവരെ സ്മരിക്കുന്നതിന് വേണ്ടിയാണ് ഹര്‍ ഘര്‍ തിരംഗ. ഓരോ വീട്ടിലും പതാക ഉയര്‍ത്തുന്നതിനായി ഫളാഗ് കോഡിലും കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി. വീടുകളില്‍ ഉയര്‍ത്തുന്ന പതാക രാത്രികാലങ്ങളില്‍ താഴ്‌ത്തേണ്ടതില്ല. 20 കോടി വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുകയാണ് പ്രചാരണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
രാജ്യ തലസ്ഥാനമായ ഡല്‍ഹി ഉള്‍പ്പടെ രാജ്യത്തെ പ്രധാന നഗരങ്ങള്‍ എല്ലാം തന്നെ ഇതിനോടകം ദേശീയ പതാകകളാല്‍ അലങ്കരിച്ചിട്ടുണ്ട്. ദേശീയ പതാക ഉയര്‍ത്തുന്നതോടൊപ്പം തിരംഗാ യാത്രകള്‍, വിവിധ കലാപരിപാടികള്‍ എന്നിവയും നടക്കുന്നുണ്ട്. ഇതിനോടകം സംഘടിപ്പിച്ച തിരംഗ യാത്ര എന്ന ബൈക്ക് റാലികളില്‍ കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തിരുന്നു.
Post a Comment