Join News @ Iritty Whats App Group

സൗജന്യ വെള്ളവും വൈദ്യുതിയും ഉറപ്പാക്കുന്നത് ഭരണഘടനാപരമായ കടമ മാത്രം; സുപ്രീം കോടതിയിൽ എഎപി


തെരഞ്ഞെടുപ്പ് സമയത്തെ സൗജന്യ വാഗ്ദാനങ്ങളുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ രാഷ്ട്രീയരംഗത്ത് സജീവമായിരിക്കെ സുപ്രീം കോടതിയിൽ (Supreme Court) വിശദീകരണം നൽകി ആം ആദ്മി പാർട്ടി (Aam Aadmi Party). സൗജന്യ വെള്ളം, സൗജന്യ വൈദ്യുതി തുടങ്ങിയവ ഭരണഘടനാ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൻെറ ഭാഗമായി ചെയ്യേണ്ട കാര്യങ്ങളാണെന്നാണ് തങ്ങൾ മനസ്സിലാക്കുന്നതെന്ന് എഎപി നൽകിയ മറുപടിയിൽ വ്യക്തമാക്കി. എല്ലാവരും ഒരുപോലെ ജീവിക്കുന്ന, സമത്വം പുലരുന്ന ഒരു സമൂഹത്തിന് വേണ്ടിയാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും പാർട്ടി കോടതിയെ അറിയിച്ചു.

“ഭരണകൂടത്തിൻെറ എല്ലാ പ്രവർത്തനങ്ങളും കൂടുതൽ മെച്ചപ്പെട്ട ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിന് വേണ്ടിയുള്ളതാണ്. മനുഷ്യർ തമ്മിലുള്ള സാമ്പത്തികവും സാമൂഹികവുമായ അന്തരം കുറയ്ക്കുക എന്നതാണ് അതിൻെറ ലക്ഷ്യം. സഹായങ്ങൾ ആവശ്യമുള്ളവർക്ക് അത് ഉറപ്പാക്കുകയെന്നത് ഭരണകൂടത്തിന്റെ കടമയാണ്. കൂടുതൽ അഭിമാനത്തോടെ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നതിന് പൗരൻമാരെ പ്രാപ്തരാക്കുകയെന്നതും ഭരണകൂടത്തിൻെറ കർത്തവ്യമാണ്,” എഎപി കോടതിയിൽ വ്യക്തമാക്കി.

ലോകത്തിലെ മിക്ക വികസിത രാജ്യങ്ങളും പുരോഗതി കൈവരിച്ചിട്ടുള്ളത് തങ്ങൾ മുന്നോട്ട് വെക്കുന്ന തരത്തിലുള്ള ക്ഷേമ പ്രവർത്തനങ്ങളും സോഷ്യലിസ്റ്റ് ആശയങ്ങളും നടപ്പിലാക്കിയാണ്. “വികസിത രാജ്യങ്ങളിൽ പ്രത്യേകിച്ച് സ്കാൻഡിനേവിയൻ രാജ്യങ്ങളുടെ പുരോഗതിയുടെ ആണിക്കല്ല് തന്നെ സോഷ്യലിസ്റ്റ് ആശയങ്ങളും ക്ഷേമപ്രവർത്തനങ്ങളുമാണ്. സാമ്പത്തികമായി അസ്ഥിരതയെന്ന അവസ്ഥയിൽ നിന്ന് എല്ലാ മേഖലയിലും പുരോഗതിയിലേക്കാണ് നാം നയിക്കപ്പെടേണ്ടത്. ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും സാമൂഹ്യ മേഖലയിലും കൂടുതൽ മെച്ചപ്പെട്ട മുന്നേറ്റം ലക്ഷ്യം വെക്കേണ്ടതുണ്ട്,” അരവിന്ദ് കെജ്രിവാൾ നയിക്കുന്ന പാർട്ടി അറിയിച്ചു.

സോഷ്യലിസ്റ്റ് മോഡൽ വികസനം മുന്നോട്ട് വെക്കുന്ന രാജ്യങ്ങളിൽ ജനങ്ങൾക്ക് സൗജന്യമായ രീതിയിലോ അല്ലെങ്കിൽ കുറഞ്ഞ നിരക്കിലോ ആണ് പൊതു സൗകര്യങ്ങൾ ഉറപ്പാക്കുന്നത്. പൂർണമായും മുതലാളിത്ത ആശയങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോവുന്ന രാജ്യങ്ങളേക്കാൾ മെച്ചപ്പെട്ട അവസ്ഥയിലാണ് ഇവിടങ്ങളിൽ ജനങ്ങൾ ജീവിക്കുന്നതെന്നും എഎപി പറഞ്ഞു.


Post a Comment

Previous Post Next Post
Join Our Whats App Group