ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് അവളെ വീട്ടില്‍നിന്നിറക്കി കൊണ്ടുപോയത് ഒരു വെള്ളച്ചാട്ടത്തിലേക്കായിരുന്നു. അവിടെ എത്തിയ അവര്‍ അവളോട് വസ്ത്രങ്ങള്‍ അഴിക്കാന്‍ ആവശ്യപ്പെട്ടു. വെള്ളച്ചാട്ടം കാണാന്‍ എത്തിയ ആളുകളുടെ മുന്നില്‍ നഗ്‌നയായി കുളിക്കാനും അവര്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ അവര്‍ നിര്‍ബന്ധം ചെലുത്തി. തുടര്‍ന്ന് ആ യുവതിക്ക് ആള്‍ക്കൂട്ടത്തിനു മുന്നില്‍ നഗ്‌നയായി കുളിക്കേണ്ടി വന്നു. തുടര്‍ന്ന് അവര്‍ പൊലീസിനെ സമീപിച്ചു. ബിസിനസുകാരനായ ഭര്‍ത്താവിനും സമ്പന്നരായ ബന്ധുക്കള്‍ക്കുമെതിരെ ഇപ്പോള്‍ കേസ് എടുത്തിരിക്കുകയാണ് പൊലീസ്.
മഹാരാഷ്ട്രയിലാണ് സംഭവം. പുനെ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഒരു ബിസിനസുകാരന്റെ ഭാര്യയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. അടുത്ത കുട്ടി ആണ്‍കുട്ടിയാവാനുള്ള അനുഷ്ഠാനമെന്ന്പറഞ്ഞാണ് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ പൊതുജനങ്ങള്‍ക്കുമുന്നില്‍ നഗ്‌നയായി കുളിക്കാന്‍ നിര്‍ബന്ധിച്ചത്. ആണ്‍കുട്ടിയെ വേണമെന്ന് പറഞ്ഞ് ഒരു പ്രാദേശിക മന്ത്രവാദിയുടെ അടുത്ത് പോയ ഇവരോട് മന്ത്രവാദിയാണ് ഇക്കാര്യം നിര്‍ദേശിച്ചതെന്ന് പുനെ പൊലീസ് പറഞ്ഞു.
റെയിഗാദ് ജില്ലയിലെ ഒരു വെള്ളച്ചാട്ടത്തിനടുത്തുവെച്ചാണ് ഈ യുവതിക്ക് പൊതുജനങ്ങള്‍ക്കു മുന്നില്‍ നഗ്‌യയായി കുളിക്കേണ്ടി വന്നത്. ഇവിടേക്ക് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ ബലമായി കൊണ്ടുപോവുകയായിരുന്നുവെന്നും സംഭവം അന്വേഷിച്ച പൊലീസ് പറഞ്ഞു.
വിവാഹം കഴിച്ചതു മുതല്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി പൊലീസ് പറഞ്ഞു. സ്്രതീധനത്തിന്റെ പേരിലാണ് 2013 മുതല്‍ പീഡനം നടന്നത്. ആണ്‍കുട്ടി ജനിച്ചില്ല എന്നു പറഞ്ഞായി പിന്നീടുള്ള പീഡനം. ഇതിനായി നിരവധി തവണ ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയതായും പൊലീസില്‍ നല്‍കിയ പരാതിയില്‍ യുവതി പറഞ്ഞു.
പൊതുജന മധ്യത്തില്‍ നഗ്‌നയായി കുളിച്ചാല്‍ ആണകുട്ടിയുണ്ടാവുമെന്ന് ഒരു മന്ത്രവാദി നിര്‍ദേശിച്ചതായി ഈയടുത്ത കാലത്തായി വീട്ടുകാര്‍ പറയുന്നുണ്ടായിരുന്നു. തുടര്‍ന്ന് അവര്‍ നിര്‍ബന്ധിച്ച് തന്നെ വെള്ളച്ചാട്ടത്തിനടുത്തേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. താന്‍ വിസമ്മതിച്ചപ്പോള്‍ ബലം പ്രയോഗിച്ച് വസ്ത്രങ്ങള്‍ അഴിപ്പിച്ച് ആളുകളുടെ മുന്നില്‍ കുളിക്കാന്‍ നിര്‍ബന്ധിപ്പിക്കുകയായിരുന്നുവെന്നും പുനെ പൊലീസില്‍ നല്‍കിയ പരാതിയില്‍ അവര്‍ പറഞ്ഞു.
തന്റെ വ്യാജ ഒപ്പിട്ട് ഭര്‍ത്താവ് ബിസിനസ് ആവശ്യത്തിനായി 75 ലക്ഷം രൂപ ബാങ്കില്‍ നിന്ന് വായ്പ എടുത്തതായും യുവതി പരാതിയില്‍ പറയുന്നു. സംഭവം അന്വേഷിച്ച പൊലീസ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കും മന്ത്രവാദിക്കും എതിരെ കേസ് എടുത്തതായി എ എന്‍ ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു
Post a Comment