ഫര്‍ണിച്ചര്‍ വ്യവസായ സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പൂട്ടിട്ടതോടെ മനം മടുത്ത് നാടുവിട്ട ദമ്പതികളെ നാട്ടില്‍ തിരിച്ചെത്തിച്ചു. പ്രമുഖ ബാലസാഹിത്യകാരനും അധ്യാപക അവാര്‍ഡ് ജേതാവുമായിരുന്ന കെ. തായാട്ടിന്റെ മകന്‍ പാനൂര്‍ താഴെ ചമ്പാട് തായാട്ട് വീട്ടില്‍ രാജ് കബീര്‍ (58), ഭാര്യ ശ്രീദിവ്യ (48) എന്നിവരെ കോയമ്പത്തൂരില്‍ നിന്നാണ് പൊലീസ് കണ്ടെത്തി തിരിടെ എത്തിച്ചത്.
നഗരസഭയുടെ ഭീഷണിമൂലമാണ് നാടുവിട്ടതെന്ന് ഇവര്‍ പറഞ്ഞു. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇവരെ കണ്ടെത്താന്‍ സഹായിച്ചത്. ഇന്നലെ രാത്രിയോടെ തന്നെ ഇവര്‍ കോയമ്പത്തൂര്‍ ടവര്‍ ലൊക്കേഷനില്‍ ഉണ്ടെന്ന് മനസ്സിലാക്കാന്‍ പൊലീസിനു കഴിഞ്ഞിരുന്നു. എന്നാല്‍ കണ്ടെത്താന്‍ പൊലീസിനായില്ല. ഇന്നു പുലര്‍ച്ചെ ആറോടെയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ചൊവ്വാഴ്ച രാവിലെ മുതലാണ് ഇവരെ കാണാതായത്. ഫര്‍ണിച്ചര്‍ വ്യവസായ സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പൂട്ടിട്ടതോടെ മനം മടുത്ത് നാടു വിടുന്നു എന്ന് കത്തെഴുതി വച്ചാണ് തലശ്ശേരിയിലെ വ്യവസായി ദമ്പതികള്‍ പോയത്.
തലശേരി എരഞ്ഞോളി വ്യവസായ പാര്‍ക്കിലാണ് ഇവര്‍ ഫാക്ടറി നടത്തിയിരുന്നത്. പത്തു ജീവനക്കാരുള്ള ഫാക്ടറി നഗരസഭയുടെ സ്ഥലം കൈയേറിയെന്നാരോപിച്ച് അടച്ചുപൂട്ടി നാലു ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു.
ഇതിനെതിരേ ദമ്പതികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് തുക ഗഡുക്കളാക്കി അടയ്ക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. അനുകൂല വിധി നേടിയിട്ടും സ്ഥാപനം തുറന്ന് നല്‍കാത്തതില്‍ ദമ്പതിമാര്‍ മനോ വിഷമത്തിലായിരുന്നു
Post a Comment