പത്തനംതിട്ട: കാർത്തോട്ടിലേക്ക് മറിഞ്ഞ് മൂന്നു പേർ മരിച്ചു. ഇടുക്കി കുമളി സ്വദേശികളായ അച്ഛനും രണ്ട് പെൺമക്കളുമാണ് മരിച്ചത്. മല്ലപ്പള്ളിക്ക് അടുത്ത് വെണ്ണിക്കുളത്താണ് സംഭവം കുമളി ചക്കുപാലം സ്വദേശിയായ ചാണ്ടി മാത്യു, മക്കളായ ഫേബാ ചാണ്ടി, ബ്ലസി ചാണ്ടി എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ എട്ട് മണിയോടെ വെണ്ണിക്കുളം കല്ലുപാലത്തിൽ വച്ച് നിയന്ത്രണം തെറ്റിയ കാർ ആറ്റിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. അറ്റിലേക്ക് മറിഞ്ഞ കാർ നാട്ടുകാരും ഫയർഫഴ്സും ചേർന്ന് അരമണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്.
ഫേബയും ബ്ലസിയും അപകട സ്ഥലത്തും ചാണ്ടി മാത്യു കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.
തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള (KL01AJ2102) വാഹനമാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ പോയ സ്വകാര്യ ബസ്സിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചതിനിടെയാണ് കാർ തോട്ടിലേക്ക് മറിഞ്ഞത് എന്നാണ് വിവരം. ഇരുപത് മിനിട്ടോളം കാർ വെള്ളത്തിലൂടെ ഒഴുകി മുന്നോട്ട് പോയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
നാട്ടുകാരുടെ നേതൃത്വത്തിലാണ് ഒഴുക്കിൽപ്പെട്ട കാറിൽ നിന്ന് യാത്രക്കാരെ പുറത്തെടുത്തത്. മൃതദേഹങ്ങൾ കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
Post a Comment