കോഴിക്കോട്: പെരുവണ്ണാമൂഴിയിൽ കൊല്ലപ്പെട്ട ഇർഷാദ് താമസിച്ചത് വയനാട് വൈത്തിരിയിൽ ലോഡ്ജിലായിരുന്നുവെന്ന് റിപ്പോർട്ട്. ജൂൺ രണ്ടിന് ഇർഷാദിന്റെ സുഹൃത്ത് ഷെമീർ ലോഡ്ജിൽ റൂം എടുത്തതായി ലോഡ്ജ് ഉടമ വ്യക്തമാക്കി. ജൂലൈ നാലിനാണ് സംഘം ഇർഷാദിനെ ലോഡ്ജിൽ നിന്ന് കൂട്ടിക്കൊണ്ട് പോയതെന്നും ലോഡ്ജ് ഉടമ വെളിപ്പെടുത്തി. ചികിത്സയ്ക്കെന്ന് പറഞ്ഞാണ് ഇർഷാദും ഷമീറും റൂം എടുത്തത്. പോലീസ് ലോഡ്ജിലെത്തി പരിശോധന നടത്തി.
ഷമീർ റൂം എടുത്തത് ജൂൺ രണ്ടിനായിരുന്നു. ഇർഷാദിനെ ലോഡ്ജിലെത്തിച്ചത് ജൂൺ 16-നും. കാറിലെത്തിയ സംഘം ജൂലൈ നാലിന് ഉച്ചയ്ക്ക് ഇർഷാദിനെ കൂട്ടിക്കൊണ്ട് പോയതായാണ് വിവരം. കഴിഞ്ഞ ജൂലൈ 17-ന് നന്തിയിലെ കോടിക്കൽ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹമാണ്ഡി.എൻ.എ. പരിശോധനയിൽ ഇർഷാദിന്റേതാണെന്ന് സ്ഥിരീകരിച്ചത്.
മേയ് 13-നാണ് ഇർഷാദ് ദുബായിൽനിന്ന് നാട്ടിലേക്കെത്തിയത്. 23-ന് വീട്ടിൽനിന്ന് ജോലിക്കെന്നു പറഞ്ഞ് വയനാട്ടിലേക്കുപോയി. ജൂലായ് മാസം എട്ടിനാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയതായി കുടുംബത്തിന് സന്ദേശം ലഭിക്കുന്നത്. വിദേശത്തുനിന്ന് എത്തിച്ച 60 ലക്ഷത്തോളം മൂല്യമുള്ള സ്വർണം തിരികെനൽകിയില്ലെങ്കിൽ ഇർഷാദിനെ കൊല്ലുമെന്നായിരുന്നു ഭീഷണി
സൂപ്പിക്കട സ്വദേശി ഷെമീറുൾപ്പടെ
മൂന്നുപേർക്കാണ് സ്വർണം
കൈമാറിയതെന്നായിരുന്നു
മാതാപിതാക്കളുടെ വെളിപ്പെടുത്തൽ. ഷെമീറിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ചികിത്സാർഥം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ
സുഹൃത്തുക്കളെയും മുഹമ്മദ്
സാലിഹുമായി ബന്ധമുള്ളവരെയുമെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് ചോദ്യംചെയ്തിട്ടുണ്ട്.
ഇർഷാദിനെ കാണാതായ സംഭവത്തിൽ നാല് പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്. കൽപ്പറ്റ സ്വദേശി ജിനാഫ് (31), വൈത്തിരി സ്വദേശി ഷഹീൽ (26), പൊഴുതന സ്വദേശി സജീർ (27) പിണറായി സ്വദേശി മർസീദ് എന്നിവരാണ് അറസ്റ്റിലായത്. ഇർഷാദിനെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മുഹമ്മദ് സാലിഹിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാൾ വിദേശത്താണെന്നും ഇടയ്ക്ക് നാട്ടിലെത്തി ജൂലായ് മാസത്തിൽ വിദേശത്തേക്ക്
തിരികെപ്പോയതാണെന്നുമാണ് പോലീസ് കണ്ടെത്തൽ.
പുഴയിൽ നീന്തുക എന്നത് ഇർഷാദിനെ സംബന്ധിച്ച് അത്ര പ്രയാസകരമായ കാര്യമല്ല എന്നാണ് വീട്ടുകാർ പറയുന്നത്. ചെറുപ്പം മുതൽക്കെ മണലെടുക്കാൻ പോകുന്നവരെ സഹായിക്കാൻ പോയിരുന്നതു കൊണ്ട് നീന്തലിൽ നല്ല പരിചയമുണ്ട്. ഒന്നുകിൽ നീന്തിക്കയറാൻ പറ്റാത്ത രീതിയിലുള്ള എന്തെങ്കിലും കഴിപ്പിക്കുകയോ മർദ്ദിച്ചതോ ആകാമെന്നാണ് നിഗമനം. അല്ലെങ്കിൽ രക്ഷപ്പെട്ട് പുഴ നീന്തിക്കടക്കാം എന്ന ആത്മവിശ്വാസത്തിൽ ചെയ്തതാകാം, തെറ്റിദ്ധരിപ്പിച്ച് പാലത്തിലെത്തിച്ച് കൊല്ലാനുള്ള ഉദ്ദേശത്തോടെ വാഹനത്തിൽ നിന്ന് ഇറക്കിയതാണോ എന്നുള്ള സംശയങ്ങളും ഉയരുന്നുണ്ട്.
Post a Comment