രാജ്യത്തെ ജനാധിപത്യം മരിച്ചെന്ന് രാഹുൽ ഗാന്ധി. ദിനംപ്രതി ജനാധിപത്യം കൊലചെയ്യപ്പെടുന്നു. നാല് പേരുടെ ഏകാധിപത്യമാണ് ഇന്ന് നടക്കുന്നത്. സ്വേച്ഛാധിപത്യം ആസ്വദിക്കുകയാണോ എന്നും രാഹുൽ ചോദിച്ചു. അതേസമയം പണപ്പെരുപ്പം, തൊഴിലില്ലായ്മ, ജിഎസ്ടി, അന്വേഷണ ഏജൻസിയുടെ ദുരുപയോഗം തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസിൻ്റെ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു.
പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവയെ കുറിച്ച് ജനങ്ങളുമായി സംസാരിക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നു. പാർലമെന്റ് മന്ദിരത്തിൽ സംസാരിക്കാൻ പ്രതിപക്ഷത്തിന് അനുവാദമില്ല. എതിർക്കുന്നവരെ കേന്ദ്ര ഏജൻസികൾ ഉപയോഗിച്ച് അറസ്റ്റ് ചെയ്യുന്നു. ഇതാണ് ഇന്ത്യയുടെ അവസ്ഥ. 70 വർഷത്തെ ജനാധിപത്യം വെറും എട്ട് കൊല്ലം കൊണ്ട് അവസാനിച്ചെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്തെ ജുഡീഷ്യറിയുടെയും മാധ്യമങ്ങളുടെയും കരുത്തിലാണ് പ്രതിപക്ഷം നിലകൊള്ളുന്നത്. എന്നാൽ ഇന്ന് ഈ സ്ഥാപനങ്ങളെല്ലാം സർക്കാരിനെ പിന്തുണയ്ക്കുന്നു. ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളും സ്വതന്ത്രമല്ല. കോൺഗ്രസ് പോരാട്ടം രാഷ്ട്രീയ പാർട്ടികളോടല്ല, മറിച്ച് രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടിയാണ്. എന്നാൽ ഇന്ന് ആരെങ്കിലും പ്രതിപക്ഷത്തെ പിന്തുണയ്ക്കുകയാണെങ്കിൽ ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് അവരെ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.
Post a Comment