ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് ചുമതലയേറ്റു. രാഷ്ട്രപതി ദ്രൗപദി മുര്‍മു ജസ്റ്റിസ് ലളിതിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് എന്‍ വി രമണ വിരമിച്ച ഒഴിവിലാണ് ലളിതിന്‍റെ നിയമനം. നവംബര്‍ 8 വരെ ആണ് ജസ്റ്റിസ് യു യു ലളിത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി പ്രവര്‍ത്തിക്കുക.
അഭിഭാഷകവൃത്തിയില്‍ നിന്നും നേരിട്ട് ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ജസ്റ്റിസ് യു യു ലളിത്. ജസ്റ്റിസ് എസ് എം സിക്രിയായിരുന്നു ബാറിൽ നിന്ന് നേരിട്ട് ചീഫ് ജസ്റ്റിസായ ആദ്യത്തെയാൾ. മഹാരാഷ്ട്ര സ്വദേശിയാണ് ജസ്റ്റിസ് യുയു ലളിത്. 2014 ഓഗസ്റ്റ് 13 നാണ് ജസ്റ്റിസ് യു യു ലളിതിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചത്. അതിനു മുമ്ബ് സുപ്രീംകോടതിയില്‍ സീനിയര്‍ അഭിഭാഷകനായിരുന്നു.
ജസ്റ്റിസ് ലളിത് സുപ്രീം കോടതി ലീഗൽ സർവീസസ് കമ്മിറ്റിയിൽ രണ്ട് തവണ അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021 മെയ് മാസത്തിൽ ലളിത് ജെ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ (NALSA) എക്‌സിക്യൂട്ടീവ് ചെയർമാനായി നിയമിതനായിരുന്നു.
മഹാരാഷ്ട്രയിൽ ജനിച്ച ജസ്റ്റിസ് യു.യു. ലളിത് 1983-ലാണ് അഭിഭാഷകജോലി ആരംഭിച്ചത്. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിലെ മുൻ അഡീഷണൽ ജഡ്ജി യു.ആർ. ലളിതിന്റെ മകനാണ്. 1985 വരെ ബോംബെ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്ത ലളിത് 1986 ൽ ഡൽഹിയിലേക്ക് മാറി. 2004ൽ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായി. ക്രിമിനൽ നിയമത്തിൽ അനുഭവപരിചയമുള്ള അദ്ദേഹം നിരവധി പ്രമാദമായ കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. തുളസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കേസിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വേണ്ടിയും ഹാജരായിട്ടുണ്ട്. 2ജി അഴിമതിക്കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്നു അദ്ദേഹം.
സുപ്രീം കോടതി ജഡ്ജി എന്ന നിലയിൽ ലളിതിന്റെ സുപ്രധാന വിധികളിൽ ഒന്നായിരുന്നു മുത്തലാഖ് നിർത്തലാക്കാനുള്ള ഉത്തരവ്. 2017 ലായിരുന്നു വിധി പ്രസ്താവിച്ചത്. ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസിൽ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിന് വേണ്ടി അദ്ദേഹം ഹാജരായിരുന്നു. അതിനാൽ അയോധ്യ കേസ് വിചാരണയിൽ നിന്ന് പിൻമാറുകയും ചെയ്തിരുന്നു.
Post a Comment