കോഴിക്കോട്: താമരശേരി ചുരത്തിലൂടെ കാറിന്റെ ഡോറിലിരുന്ന യുവാക്കളുടെ അഭ്യാസപ്രകടനം. കഴിഞ്ഞ ബുധനാഴ്ച രാത്രി 11 മണിയോടെയാണ് യുവാക്കൾ ഡോറിൽ കയറിയിരുന്ന് ആരവങ്ങളോടെ യാത്ര ചെയ്തത്. പുറകിൽ സഞ്ചരിച്ച വാഹനത്തിലുള്ളവർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കേസെടുത്തു. വാഹനവും കസ്റ്റഡിയിൽ എടുത്തു. മലപ്പുറം രണ്ടത്താണി സ്വദേശിയാണ് വാഹനം ഓടിച്ചിരുന്നതെന്ന് മോട്ടർ വാഹന വകുപ്പ് അറിയിച്ചു. ഈ സമയത്ത് വാഹനം ഓടിച്ചിരുന്ന വ്യക്തിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
KL-10 AZ 7588 എന്ന വാഹനത്തിലായിരുന്ന യുവാക്കളുടെ സാഹസിക യാത്ര നടത്തിയത്. വാഹന ഉടമയ്‌ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും വാഹനത്തിന്റെ ആര്‍.സി. റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പരിഗണിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
വാഹനത്തിന്റെ ഇരുവശത്തുമായാണ് യുവാക്കള്‍ പുറത്തേക്ക് തലയിട്ട് ഇരിക്കുന്നത്. രാത്രിയ്ക്ക് പുറമെ, കനത്ത കോടമഞ്ഞിലൂടെയാണ് യുവാക്കള്‍ അപകടരമായ രീതിയില്‍ വാഹനമോടിച്ചത്. വാഹനത്തിന്റെ ഹസാഡസ് ലൈറ്റ് തെളിയിച്ചായിരുന്നു ഇവരുടെ യാത്ര.
Post a Comment