കരളിൽ അമിതമായി കൊഴുപ്പ് അടിയുന്നതിനെയാണ് ഫാറ്റി ലിവർ (Fatty Liver) എന്ന് പറയുന്നത്. ശരീരത്തിനാവശ്യമായ ഗ്ലൂക്കോസ് സംഭരിച്ച ശേഷം കരൾ ബാക്കിയുള്ളവയെ കൊഴുപ്പാക്കായി മാറ്റി കോശങ്ങളിൽ സംഭരിക്കുന്നു. ഫാറ്റി ലിവർ ഉണ്ടാകാനുള്ള പ്രധാന കാരണം മദ്യപാനമാണ്. എന്നാൽ ഒരിക്കലും മദ്യം ഉപയോഗിക്കാത്തവരിലും ഫാറ്റി ലിവർ ഉണ്ടാകാറുണ്ട്.
ഫാറ്റി ലിവറിനെ രണ്ടായി തരംതിരിക്കാം. ഒന്ന്, കരളിൽ കൊഴുപ്പ് അടിയുമ്പോൾ മാത്രം ഉണ്ടാകുന്നത്; ഇതിനെ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) എന്ന് വിളിക്കുന്നു. രണ്ട്, കരളിൽ കൊഴുപ്പ് അടിയുന്നതോടൊപ്പം നീരും (inflammation) ഉണ്ടാകുന്നത്. ഇതിനെ നോൺ ആൽക്കഹോളിക്ക് സ്റ്റിയറ്റോഹെപ്പറ്റൈറ്റിസ് (Nonalcoholic steatohepatitis-NASH) എന്നു പറയുന്നു.
അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയർന്ന കൊളസ്‌ട്രോൾ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റിലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്. ഫാറ്റി ലിവർ തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...
ഒന്ന്...
ഫാറ്റി ലിവർ രോഗമുള്ളവർ മധുരമുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. ചോക്ലേറ്റ്സ്, ഐസ്ക്രീം, സ്വീറ്റ്സ് പോലുള്ള ഭക്ഷണങ്ങൾ ഒരു കാരണവശാലും കഴിക്കരുത്. കൊഴുപ്പുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇറച്ചി, ചീസ്, പനീർ പോലുള്ള ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക.പ്രോസസ്ഡ് മീറ്റ് ഒഴിവാക്കുക. രുചിയിൽ മാറ്റം വരുത്തുന്നതിനും കേടുകൂടാതെ ഇരിക്കുന്നതിനുമായെല്ലാം ധാരാളം രാസചേരുവകൾ ചേർത്താണ് പ്രോസസ്ഡ് മീറ്റ് തയ്യാറാക്കുന്നത്. ഇത് ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു.
രണ്ട്...
ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഫാറ്റി ലിവർ തടയാൻ മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. ശരീരത്തിലെ അമിതകൊഴുപ്പ് കുറയ്ക്കാൻ വ്യായാമം സഹായിക്കും.
മൂന്ന്...
മദ്യം പൂർണമായി ഒഴിവാക്കുക. മദ്യത്തെ രാസപദാർഥങ്ങളായി വിഘടിപ്പിക്കുന്നതു കരളാണ്. അതുകൊണ്ടു തന്നെ മദ്യം ദോഷകരമായി ബാധിക്കുന്നത് കരളിനെയാണ്.
നാല്...
സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നത് നിർത്തുക. ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് പണ്ടുമുതലേ പഠനങ്ങൾ തെളിയിച്ചതാണ്. ഇവയുടെ ഉപയോഗം ഫാറ്റി ലിവർ പോലെയുള്ള കരൾ രോഗങ്ങൾക്കും പൊണ്ണത്തടിക്കും കാരണമാകും.
അഞ്ച്...
സ്വയം ചികിത്സ ഒഴിവാക്കുക. ആവശ്യമില്ലാതെ മരുന്നുകൾ കഴിക്കരുത്. പ്രത്യേകിച്ചും വേദന സംഹാരികൾ ഒഴിവാക്കുക.
ശ്രദ്ധിക്കേണ്ടത്...
പഴങ്ങൾ, ഇലക്കറികൾ, പച്ചക്കറികൾ ഇവ ഉനാരുകൾ ഉള്ള ഭക്ഷണത്തിന് പ്രാധാന്യം നൽകുക. പൊണ്ണത്തടി കുറയ്ക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും പ്രമേഹരോഗികൾക്ക് ആശ്വാസം നൽകാനും നാരുകൾ അടങ്ങിയ ഭക്ഷണത്തിനു കഴിയും. ദിവസവും കുറഞ്ഞത് 13 ഗ്ലാസ് വെള്ളം കുടിക്കുക. വിഷാംശം പുറന്തള്ളാനും ശരീരത്തിന് ഉണർവ് നൽകാനും വെള്ളത്തിന് കഴിവുണ്ട്.
Post a Comment