സാധാരണക്കാരായ ദീർഘദൂര യാത്രക്കാർ ഏറെ ആശ്രയിച്ചിരുന്ന സൂപ്പർ ഫാസ്റ്റ് സർവീസുകളുടെ ദൈർഘ്യം വെട്ടിക്കുറക്കാൻ കെഎസ്ആർടിസി. ഇനി മുതൽ ഡിപ്പോകളിൽനിന്ന് നാലു ജില്ലകൾക്കുള്ളിലെ ദൂരപരിധിയിലേക്കാകും സൂപ്പർ ഫാസ്റ്റുകൾ സർവീസ് നടത്തുക. കെ-സ്വിഫ്റ്റ് ബസുകളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായാണ് ഇത്തരത്തിൽ സൂപ്പർ ഫാസ്റ്റ് ബസുകളുടെ റൂട്ട് വെട്ടിച്ചുരുക്കുന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. നിലവിൽ കെഎസ്ആർടിസിയുടെ വരുമാനത്തിന്‍റെ വലിയൊരു ഭാഗം സംഭാവന ചെയ്യുന്നത് സൂപ്പർ ഫാസ്റ്റ് ബസുകളാണ്. മറ്റ് ഹൈടെക്ക് ബസുകളെ അപേക്ഷിച്ച് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാമെന്നതാണ് സാധാരണക്കാരായ ദീർഘദൂര യാത്രക്കാരെ സൂപ്പർ ഫാസ്റ്റിലേക്ക് ആകർഷിക്കാൻ ഇടയാക്കുന്നത്.
പുതിയ തീരുമാനം വരുന്നതോടെ തെക്കൻ കേരളത്തിൽ നിന്ന് കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ മലയോര മേഖലകളിലേക്ക് സർവീസ് നടത്തുന്ന രാത്രികാല സൂപ്പർ ഫാസ്റ്റ് സർവീസുകൾ നിർത്തലാക്കുമോയെന്നാണ് യാത്രക്കാർ ഉറ്റുനോക്കുന്നത്. കോട്ടയം, ഇടുക്കി ജില്ലകളിൽനിന്ന് കൊന്നക്കാടേക്കും, ആടൂരിൽനിന്ന് ഉദയഗിരിയിലേക്കും മാവേലിക്കര നിന്ന് സീതാമൌണ്ടിലേക്കുമൊക്കെ സർവീസ് നടത്തുന്നത് സൂപ്പർ ഫാസ്റ്റ് ബസുകളാണ്. ഇതുകൂടാതെ തിരുവനന്തപുരത്ത് നിന്ന് വടകര, കോഴിക്കോട്, തലശേരി, കൽപ്പറ്റ, സുൽത്താൻബത്തേരി, മാനന്തവാടി, നിലമ്പൂർ, പെരിന്തൽമണ്ണ, റൂട്ടുകളിലേക്ക് സർവീസുകളും ഹൈടെക്ക് ബസുകളോ സ്വിഫ്റ്റ് ബസുകളോ ഏറ്റെടുക്കുമോയെന്നും യാത്രക്കാർക്ക് ആശങ്കയുണ്ട്.
Post a Comment