രാസവളങ്ങളുടെ വില കുത്തനെ ഉയർത്തി കമ്പനികൾ. രാസവളത്തിന്റെ പ്രധാന ഉത്‌പാദകരായ റഷ്യയും യുക്രൈനും യുദ്ധത്തിലായതിനാൽ വളം നിർമാണത്തിനുള്ള രാസഘടകങ്ങളുടെ കയറ്റുമതി നിയന്ത്രിച്ചതാണ് വിലക്കയറ്റത്തിന് കാരണം.
പൊട്ടാഷിന് 50 കിലോഗ്രാം ചാക്കിന് 1040 രൂപയിൽ നിന്ന് 1700 രൂപയാക്കി. ഫാക്ടംഫോസിന് 1140-ൽനിന്ന് 1490 ആയി. 18-18 എന്ന വളത്തിന് 940-ൽനിന്ന് 1260 രൂപയായി. 8-8-16-ന് 860-ൽനിന്ന് 1110, 12-12-12-ന് 765-ൽനിന്ന് 1100 എന്നിങ്ങനെയും ഉയർന്നു. യൂറിയയുടെ വില കൂടിയിട്ടില്ലെങ്കിലും കിട്ടാനില്ല.
റബ്ബറിന് ഉപയോഗിക്കുന്ന 10-10-10-ന് ചാക്കിന് 700 ആയിരുന്നത് 940 ആയി. 10-10-4 വളത്തിന് 615 ആയിരുന്നു. ഇപ്പോഴിത് കിട്ടാനില്ല. യൂറിയ, പൊട്ടാഷ്, ഫോസ്‌ഫറസ് എന്നിവ വാങ്ങി കൂട്ടിക്കലർത്തി പല വിളകൾക്കും ഉപയോഗിക്കുന്നുണ്ട്. യൂറിയയുടെ ക്ഷാമം ഇൗ കൂട്ടുവളനിർമാണത്തെ ബാധിക്കുന്നുണ്ട്.
രാസവളങ്ങളുടെയും ഘടകങ്ങളുടെയും നിർമാണത്തിൽ ലോകത്തിൽ മുന്നിൽനിൽക്കുന്ന രാജ്യമാണ് റഷ്യ. 2021-ൽ 2.40 ദശലക്ഷം ടൺ അമോണിയ ഇന്ത്യയിലെത്തിയതിൽ 2.10 ദശലക്ഷവും റഷ്യയിൽനിന്നുള്ളതായിരുന്നു. നെല്ലിന്റെ ആദ്യകൃഷിക്കും ഒാണം ലക്ഷ്യമിട്ടുള്ള ഏത്തവാഴ, കിഴങ്ങ്, പച്ചക്കറി കൃഷികൾക്കും കാലവർഷക്കാലത്താണ് രണ്ടാംവളത്തിന് സമയമാകുന്നത്.
വിലക്കൂടുതലും ക്ഷാമവും കൃഷിയെ ബാധിച്ചതായി കൃഷിക്കാർക്ക് വേണ്ടി നിയമപോരാട്ടം നടത്തുന്ന ഗീവർഗീസ് തറയിൽ പറയുന്നു. ജൈവവളം പലതും നിലവാരമില്ലാത്തതാണ്. അതിനും വിലയേറി.
Post a Comment