മസ്‌കറ്റ്: ഒമാനില്‍ മരൂഭൂമിയില്‍ കുടുങ്ങിയ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ക്ക് ദാരുണാന്ത്യം. തിരുനെല്‍വേലി സ്വദേശി സയ്യിദ് മുഹമ്മദ് അമീസ് സിക്കന്ദര്‍ (30), ട്രിച്ചി രാധനെല്ലൂര്‍ സ്വദേശി ഗണേഷ് വര്‍ധാന്‍ (33) എന്നിവരെയാണ് നാലാം ദിവസം ഒബാറിന് സമീപമുള്ള ഫസദില്‍ നിന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരുഭൂമിയില്‍ തൊഴില്‍ ആവശ്യങ്ങള്‍ക്കായി പോയവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ മണലില്‍ താഴ്ന്നാണ് അപകടം ഉണ്ടായത്. മരുഭൂമിയില്‍ കുടുങ്ങിയ ഇവര്‍ കനത്ത ചൂടില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ മരണപ്പെടുകയായിരുന്നെന്നാണ് കരുതുന്നത്. ജൂണ്‍ 28നായിരുന്നു തുംറൈത്തിന് പടിഞ്ഞാറ് ഒമാന്റെ ബോര്‍ഡര്‍ ഭാഗമായ ഒബാറിലേക്ക് സര്‍വ്വേ ജോലിക്കായി ഇവര്‍ പോയത്. പിന്നീട് ഇവരെ കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇവര്‍ സഞ്ചരിച്ച നിസാന്‍ പട്രോള്‍ വാഹനത്തിന്റെ ടയര്‍ മണലില്‍ താഴ്ന്നുപോകുകയായിരുന്നു. വാഹനത്തിന് കുറച്ച് അകലെ മാറിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വെഹിക്കിള്‍ മോണിറ്ററിങ് സിസ്റ്റം (ഐവിഎംഎസ്) സിഗ്നല്‍ കാണിക്കാതിരുന്നത് കൊണ്ട് ഇവരുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ കമ്പനി അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. പൊലീസില്‍ പരാതി നല്‍കിയ ഉടന്‍ തന്നെ തെരച്ചില്‍ ആരംഭിച്ചിരുന്നു. എയര്‍ലിഫ്റ്റ് ചെയ്ത മൃതദേഹങ്ങള്‍ സലാല സുല്‍്ത്താന്‍ ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റി.
Post a Comment