ഓൺലൈൻ വ്യാപാര കമ്പനികളിൽ തുക നിക്ഷേപിച്ചാൽ ഇരട്ടിയാകുമെന്ന് പറഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാലര കോടിയുടെ തട്ടിപ്പ് നടത്തിയ ആളെ പന്തീരാങ്കാവ് പൊലിസ് അറസ്റ്റു ചെയ്തു. പശ്ചിമ ബംഗാളിൽ വച്ചാണ് തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ ഷിജിയെ അറസ്റ്റു ചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
ഓൺലൈൻ വ്യാപാര കമ്പനികളുടെ സെല്ലർ അക്കൗണ്ടുകളിൽ ലക്ഷങ്ങൾ നിക്ഷേപിച്ചാൽ 10 ദിവസം കൊണ്ട് ഇരട്ടിയാകും എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കോഴിക്കോട് പെരുമണ്ണ സ്വദേശിയുടെ 23 അര ലക്ഷം രുപ തട്ടിയെടുത്ത കേസിലാണ് ഷിജി അറസ്റ്റിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നാലരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് നിഗമനം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളുടെ സെല്ലർ അക്കൗണ്ടുകളിൽ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലാംസ് ട്രേഡിങ് സ്ഥാപനത്തിലൂടെ പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്. കോഴിക്കോട് ജില്ലയ്ക്ക് പുറമെ പാലക്കാട്, മലപ്പുറം ,തിരുവനന്തപുരം ജില്ലകളിലാണ് തട്ടിപ്പ് നടത്തിയതായി പരാതിയുള്ളത്.
ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര സ്വദേശികളാണ് കൂട്ടുപ്രതികൾ. ഒരാഴ്ച നീണ്ട പശ്ചിമ ബംഗാളിലെ അന്വേഷണത്തിന് ശേഷമാണ് പ്രതി പിടിയിലായത്. ഇയാൾക്കെതിരെ മറ്റ് സാമ്പത്തിക തട്ടിപ്പ് കേസുകളും ഉള്ളതായാണ് വിവരം. കൂടുതൽ അന്വേഷണം ആവശ്യമായതിന്നാൽ പ്രതിയെ വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങും.
Post a Comment