ഗർഭസ്ഥ ശിശുവിനെ നീക്കം ചെയ്യാനാകാതെ പത്തനംതിട്ട ആറൻമുളയിൽ യുവതി അണുബാധയേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് റിമാൻഡിൽ. പ്രതിയായ ജ്യോതിഷ് യുവതി മരിക്കണമെന്ന ഉദ്ദേശത്തോടെയാണ് ചികിത്സ തേടാതിരുന്നതെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ഒന്നരമാസത്തിലേറെയായി തിരുവനന്തപുരം മെഡിക്കല് കോളജില് ചികിത്സയിൽ കഴിഞ്ഞ അനിത ജൂൺ 28നാണ് മരിച്ചത്. ആറൻമുള സ്വദേശിനിയായ അനിതയും ഭർത്താവ് ജ്യോതിഷും ഒന്നര വയസുള്ള കുട്ടിയുമായി അനിതയുടെ കുടുംബവീട്ടിലായിരുന്നു താമസം. ഇതിനിടെ അനിത വീണ്ടും ഗർഭം ധരിച്ചതോടെ ജ്യോതിഷ് ഇവരെ മർദ്ദിച്ചും ഭീഷണിപ്പെടുത്തിയും ഗർഭം മറച്ചുവെക്കാൻ നിർബന്ധിച്ചു.
ഒടുവിൽ വയറ്റില് അണുബാധയുണ്ടാവുകയും ഗർഭസ്ഥ ശിശു മരിക്കുകയും പിന്നാലെ അനിതയും മരണത്തിന് കീഴടങ്ങിയതോടെയാണ് സംഭവം സംശയങ്ങള്ക്കിടയാക്കിയത്. തിരുവനന്തപുരം മെഡിക്കല് കോളജ് പൊലീസ് അറന്മുള സ്റ്റേഷനിലേക്ക് പരാതി കൈമാറിയതോടെ ബന്ധുക്കളും സ്റ്റേഷനിലെത്തി പരാതി നല്കി. ഇതോടെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്ത ജ്യോതിഷിന് കോടതി റിമാൻഡ് ചെയ്തു
വയറ്റില് വേദനയും പഴുപ്പുമുണ്ടായതിനെ തുടർന്ന് മെയ് 19നാണ് അനിതയെ തിരുവനന്തപുരം മെഡിക്കല് കോളജില് പ്രവേശിപ്പിച്ചത്. അവിടെ നടത്തിയ പരിശോധനകളില് ഒന്പതുമാസം ഗർഭിണിയായിരുന്ന അനിതയുടെ കുഞ്ഞിന് ജീവനില്ലെന്നും മൃതദേഹം അഴുകി ദ്രവിച്ച നിലയിലാണന്നും കണ്ടെത്തിയിരുന്നു.
ഇതിനിടെ ശസ്ത്രക്രിയ സമയത്തു ജ്യോതിഷ് ആശുപത്രിയിൽ നിന്നു മുങ്ങുകയും നാട്ടിലെത്തി പലരിൽ നിന്നും കടം വാങ്ങി ആർഭാട ജീവിതം നയിച്ചതായും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. വരും ദിവസം പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസും കോടതിയിൽ അപേക്ഷ നൽകും
Post a Comment