ദില്ലി: വടകര എംഎൽഎ കെകെ രമയെ അധിക്ഷേപിച്ചുള്ള മുന്‍ മന്ത്രി എം എം മണിയുടെ പരാമര്‍ശത്തിനെതിരെ സിപിഐ നേതാവ് ആനി രാജ. വാദങ്ങളിൽ ജയിക്കാൻ ഒരു സ്ത്രീയുടെ ദുരന്തത്തെ ഉപയോഗപ്പെടുത്തുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് ആനി രാജ പ്രതികരിച്ചു. കമ്യൂണിസ്റ്റ്കാരൻ എന്ന നിലയിൽ യോജിക്കാത്തതാണ് ആ പരാമര്‍ശമെന്നും ആനി രാജ പറഞ്ഞു.
കാലം മാറിയിരിക്കുന്നു. ഭാഷയിലും കാലാനുസൃതമായ മാറ്റം ഉണ്ടാകേണ്ടതാണ് എന്ന് നേതാക്കൾ തിരിച്ചറിയണം. ഇത്തരം പ്രയോഗങ്ങൾ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയ്ക്കും അതിന്‍റെ മുന്നേറ്റത്തിനും കരിനിഴൽ വീഴ്ത്തുന്നതാണെന്നും ആനി രാജ പറഞ്ഞു.
'ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല'- എന്നായിരുന്നു എംഎം മണിയുടെ നിയമസഭയിലെ വിവാദ പരാമര്‍ശം. എം എം മണിയെ ന്യായീകരിക്കുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചത്. പ്രതിപക്ഷത്തിന്‍റെ ഭാഗത്തുനിന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നപ്പോഴും തന്‍റെ വാക്കുകളില്‍ ഉറച്ച് നില്‍ക്കുന്നെന്ന നിലപാടാണ് എം എം മണി സ്വീകരിച്ചത്.
Post a Comment