തിരുവനന്തപുരം: വിമാനത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഏവിയേഷൻ നിയമത്തിന് വിരുദ്ധമായ നടപടിയാണ് ഇന്‍ഡിഗോ കമ്പനി എടുത്തതെന്ന് ഇ പി ജയരാജൻ വിമര്‍ശിച്ചു. നിലവാരമില്ലാത്ത കമ്പനിയുമായി ഒരു ബന്ധവും ഇല്ലെന്നും ഇന്‍ഡിഗോ വിമാനത്തില്‍ ഇനി യാത്ര ചെയ്യില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇന്‍ഡിഗോ വിമാനത്തിൽ മൂന്നാഴ്ച വിലക്ക് ഏർപ്പെടുത്തിയെന്ന വാര്‍ത്ത ശരിയാണെന്ന് ഇ പി ജയരാജൻ സ്ഥിരീകരിച്ചു. മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇന്റിഗോ കമ്പനിയിൽ നിന്ന് ഓൺലൈൻ ഡിസ്കഷന് വിളിച്ചിരുന്നു. 12 ന് വിശദീകരണം നേരിട്ട് നൽകാൻ ബുദ്ധിമുട്ട് ഉണ്ടെന്നും അഭിഭാഷകയെ നിയോഗിച്ചെന്നും കമ്പനിയെ അറിയിച്ചിരുന്നു. അതിന് ശേഷം ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ഇ പി പറഞ്ഞു. ക്രിമിനലുകളെ തടയാൻ ഒരു നടപടിയും വിമാനകമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. അവര്‍ക്ക് ടിക്കറ്റ് നിഷേധിക്കണമായിരുന്നു. ഇത് ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഇത്ര നിലവാരമില്ലാത്ത ഇന്‍ഡിഗോയിൽ ഇനി യാത്ര ചെയ്യില്ല. നിലവാരമില്ലാത്ത കമ്പനിയായി ഇനി ഒരു ബന്ധവും ഇല്ല. മാന്യൻമാരായ വിമാനക്കമ്പനി വേറെയും ഉണ്ട്. ഇന്‍ഡിഗോ ഓഫീസിലേക്ക് നോട്ടീസ് വന്നതായി മാത്രമാണ് വിവരം, അല്ലാതെ നേരിട്ട് അറിയിച്ചിട്ടില്ല. നടന്ന് പോയാലും ഇനി ഇന്റിഗോയിൽ കയറില്ലെന്ന് ഇ പി ജയരാജൻ പ്രതികരിച്ചു. കൂട്ട് കച്ചവടവും ഗൂഢാലോചനയുമാണ് സംഭവത്തിന് പിന്നിൽ ഉണ്ടായത്. അത് ഓരോന്നായി പുറത്ത് വരികയാണ്, കെ എസ് ശബരിനാഥനെക്കെതിരായ നടപടി അതിന്‍റെ ഭാഗമാണ്.
Post a Comment