Join News @ Iritty Whats App Group

ആണും പെണ്ണും അടുത്തിരുന്നതിന് ഇരിപ്പിടം വെട്ടിപ്പൊളിച്ചു; മടിയിലിരുന്ന് പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍

ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നെന്ന് ആരോപിച്ച് ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ ഇരിപ്പിടം വെട്ടിപ്പൊളിച്ചവര്‍ക്ക് മറുപടിയുമായി വിദ്യാര്‍ത്ഥികളുടെ വ്യത്യസ്തമാര്‍ന്ന പ്രതിഷേധം. ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ സാധിക്കുന്ന ഇരിപ്പിടത്തില്‍ ഒരാളുടെ മടിയില്‍ മറ്റൊരാള്‍ എന്ന രീതിയില്‍ ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. തിരുവനന്തപുരം ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജിന് സമീപത്തായിരുന്നു സംഭവം.

ഇന്നലെ വൈകുന്നേരം വിദ്യാര്‍ത്ഥികള്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ എത്തിയപ്പോള്‍ ഇവിടുത്തെ ഇരിപ്പിടം വെട്ടിപ്പൊളിച്ച് ഒരാള്‍ക്ക് മാത്രം ഇരിക്കാവുന്ന രീതിയിലേക്ക് മാറ്റിയിരിക്കുന്നതായി കണ്ടു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് മനസിലായതോടെ അവര്‍ പ്രതിഷേധിക്കുകയായിരുന്നു.

ഇരിപ്പിടത്തില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരുന്നുകൊണ്ടാണ് പ്രതിഷേധിച്ചത്. ‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീല്‍ ഇരിക്കാലോല്ലെ’ എന്ന കുറിപ്പോടെ പ്രതിഷേധത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും നിരവധി പേര്‍ പിന്തുണ അറിയിക്കുകയും ചെയ്തു.

പൊതുസമൂഹം കാര്യങ്ങള്‍ മനസ്സിലാക്കുന്നതായും വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും പ്രതിഷേധിച്ച വിദ്യാര്‍ത്ഥകള്‍ പ്രതികരിച്ചു. മുന്‍പും ഇത്തരം വിവേചനങ്ങള്‍ക്കെതിരെ കോളജില്‍ സമരം നടന്നിരുന്നു. വൈകിട്ട് 6.30ന് മുന്‍പായി പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ കയറണമെന്ന നിര്‍ദേശത്തിനെതിരെയായിരുന്നു അന്നു സമരം.

Post a Comment

Previous Post Next Post
Join Our Whats App Group