Join News @ Iritty Whats App Group

ആർ.എസ്.എസ് പ്രവര്‍ത്തകന്റെ മരണം, ബി.ജെ.പിയുടേത് കലാപം നടത്താനുള്ള ശ്രമം; എം.വി ജയരാജൻ

കണ്ണൂര്‍ പിണറായി പാനുണ്ടയിൽ ആർ.എസ്.എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ സി.പി.ഐ.എമ്മിനെ പ്രതിക്കൂട്ടിലാക്കാനാണ് ബി.ജെ.പി ശ്രമിച്ചതെന്ന് സി.പി.ഐ.എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ. ആർ.എസ്.എസുകാരനെ സി.പി.ഐ.എം കൊലപ്പെടുത്തിയെന്ന് വ്യാഖ്യാനിക്കാൻ ബി.ജെ.പി നടത്തിയ ശ്രമം ഹീനമാണ്. ബോധപൂവ്വം കലാപം നടത്താനുള്ള ശ്രമമാണിത്. ബാലസംഘം സമ്മേളന പരിപാടി സ്ഥലത്ത് ബി.ജെ.പി – ആർ.എസ്.എസ് പ്രവർത്തകരാണ് അക്രമം നടത്തിയത്. ബി.ജെ.പി ആസൂത്രണം ചെയ്ത കലാപ നീക്കമാണ് പൊളിഞ്ഞത്. മരണത്തെ കൊലപാതകമാറ്റി മാറ്റാൻ കള്ള പ്രചാരണം നടത്തുകയാണ് ബി.ജെ.പി. ജിംനേഷിനെ മർദ്ദിച്ചുവെന്ന് വ്യാജ പ്രചാരണം നടത്തിയെന്നും കൊടി തോരണങ്ങൾ നശിപ്പിച്ച് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത് ബി.ജെ.പിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൃദയാഘാതം മൂലമാണ് ജിംനേഷ് മരിച്ചതെന്നും ശരീരത്തിൽ പരിക്കുകളില്ലെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി. സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതാണ് മരണ കാരണമെന്നായിരുന്നു ആര്‍എസ്എസിന്റെ ആരോപണം. ജിംനേഷിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ ആരോപണത്തെ തള്ളിക്കളയുകയാണ് പൊലീസ്. ഇന്ദിരാഗാന്ധി ആശുപത്രയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് ജിംനേഷ് കുഴഞ്ഞു വീണ് മരിച്ചത്.

പാനുണ്ടയില്‍ ബാലസംഘം വില്ലേജ് സമ്മേളനത്തിന്റെ കൊടിതോരണങ്ങള്‍ നശിപ്പിച്ചതു സംബന്ധിച്ച തര്‍ക്കം ഇന്നലെ സിപിഐഎം ആര്‍എസ്എസ് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഈ സംഘര്‍ഷത്തില്‍ പരിക്കേറ്റ സഹോദരനൊപ്പം കൂട്ടിരുപ്പുകാരനായാണ് ജിംനേഷ് ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിയത്. ഇതിനിടയില്‍ പുലര്‍ച്ചെ രണ്ടുമണിയോടെ കുഴഞ്ഞ വീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നതിനിടയില്‍ മൂന്നരയോടെ മരണം സംഭവിച്ചു.

എന്നാല്‍ മരണം സിപിഐഎം മര്‍ദനത്തെ തുടര്‍ന്നാണെന്നായിരുന്നു ആര്‍എസ്എസിന്റെ ആരോപണം. പാനുണ്ടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ജിംനേഷിന് പരിക്കേറ്റെന്നും ആന്തരികക്ഷതമേറ്റതാണ് മരണത്തിലേക്കെത്തിച്ചതെന്നുമാണ് ആര്‍എസ്എസ് പറയുന്നത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകരായ എ. ആദര്‍ശ്, പി.വി. ജിഷ്ണു, ടി. അക്ഷയ്, കെ.പി. ആദര്‍ശ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരുക്കേറ്റവരെ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് സന്ദര്‍ശിച്ചു. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന മേഖലയില്‍ ബോധപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാനുള്ള ശ്രമമാണ് സിപിഐഎം നടത്തുന്നതെന്ന് ബിജെപി ആരോപിക്കുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group