Join News @ Iritty Whats App Group

കനത്ത മഴ: രണ്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും (വ്യാഴം) അവധി പ്രഖ്യാപിച്ചു. കോളേജുകള്‍ക്ക് അവധി ബാധകമായിരിക്കില്ലെന്ന് കളക്ടര്‍ അറിയിച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ നാളെ (വ്യാഴം) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ- ഐസിഎസ്ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍ അവധി നല്‍കിയത്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ ഇന്റര്‍വ്യൂ എന്നിവക്ക് മാറ്റമില്ല.

മഹാത്മാഗാന്ധി സര്‍വ്വകലാശാല നാളെ (07.07.2022) നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും.

കണ്ണൂര്‍ ജില്ലയില്‍ മഴ ശക്തമാണ്. കൊട്ടിയൂര്‍ മാനന്തവാടി റോഡില്‍ കല്ല് ഇടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. പാല്‍ച്ചുരം ചെകുത്താന്‍ റോഡിന് സമീപത്താണ് സംഭവം. ചുരത്തിന് മുകളില്‍ നിന്ന് വലിയ കരിങ്കല്ലിനൊപ്പം മരങ്ങളും മണ്ണും റോഡിലേക്ക് പതിച്ചതോടെയാണ് ഗതാഗതം തടസപ്പെട്ടത്. വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഫയര്‍ഫോഴ്‌സും നാട്ടുകാരും പൊലീസും ചേര്‍ന്ന് കല്ല് മാറ്റാനുള്ള ശ്രമം നടത്തുകയാണ്.

ഇടുക്കിയില്‍ കനത്ത മഴയെ തുടര്‍ന്ന് കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ മണ്ണിടിഞ്ഞും മരം കടപുഴകി വീണും പലയിടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. മൂന്നാര്‍ പോലീസ് സ്റ്റേഷന് സമീപം ഇതുവരെ ഗതാഗതം പുനസ്ഥാപിക്കാന്‍ ആയില്ല.

ജില്ലയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇപ്പോഴും മഴ ശക്തമാണ്. മരം വീണ് മൂന്നു പേര്‍ മരിച്ചതോടെ തോട്ടങ്ങളില്‍ തൊഴിലാളികളെ പണിയെടുപ്പിക്കുന്നത് കളക്ടര്‍ നിരോധിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group