Join News @ Iritty Whats App Group

ആംബുലന്‍സ് കിട്ടിയില്ല; രണ്ടു വയസ്സുകാരന്റെ മൃതദേഹവും മടിയില്‍ വച്ച് എട്ടു വയസ്സുകാരൻ സഹോദരന്‍ വഴിയരികിലിരുന്നത് രണ്ട് മണിക്കൂര്‍

ഭോപ്പാല്‍: ചികിത്സയിലിരിക്കേ മരിച്ച രണ്ടു വയസ്സുകാരന്റെ മൃതദേഹവും മടിയില്‍ വച്ച് എട്ടു വയസ്സുകാരന്‍ സഹോദരന്‍ ഒരു വാഹനത്തിനായി കാത്തിരുന്നത് രണ്ട് മണിക്കൂര്‍. മധ്യപ്രദേശിലെ മൊറേനയില്‍ ശനിയാഴ്ചയാണ് സംഭവം. ആംബുന്‍സിന് ആവശ്യപ്പെട്ട പണം നല്‍കാന്‍ കഴിയാത്ത പിതാവ് മറ്റൊരു വാഹനം തിരക്കി പോയതോടെയാണ് ചെളിനിറഞ്ഞ റോഡ് വക്കില്‍ സഹോദരന്റെ മൃതദേഹം വഹിച്ചിരുന്നത്.

സംഭവം ശ്രദ്ധയില്‍പെട്ട ഒരു വഴിയാത്രക്കാരാണ് ഇക്കാര്യം പോലീസിനെ അറിയിക്കുകയും പോലീസ് ഇടപെട്ട് ഇവര്‍ക്ക് വാഹനം എത്തിച്ചുനല്‍കുകയുമായിരുന്നു.

വിളര്‍ച്ചയും വയറിനുള്ളില്‍ വെള്ളം കെട്ടുന്ന അസുഖവുമായാണ് രണ്ടു വയസ്സുകാരന്‍ രാജയുമായി പിതാവ് പൂജാരം ജാതവും സഹോദരന്‍ ഗുല്‍ഷമും മൊറേന ജില്ല ആശുപത്രിയില്‍ എത്തിച്ചത്. അംബയിലെ ബദ്ഫ്ര സ്വദേശികളാണ് ഇവര്‍.

കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലെ ഒരു ആശുപത്രിയില്‍ നിന്നാണ് ഇവരെ മൊറേനയിലേക്ക് അയച്ചത്. ഇവര്‍ വന്ന ആംബുലന്‍സ് മടങ്ങിപ്പോകുകയും ചെയ്തിരുന്നു. എന്നാല്‍ ചികിത്സ തുടങ്ങും മുന്‍പേ കുട്ടി മരണമടഞ്ഞു. മൃതദേഹവുമായി വീട്ടിലേക്ക് മടങ്ങാന്‍ ഒരു വാഹനത്തിനായി ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും സമീപിച്ചെങ്കിലും അവര്‍ കയ്യൊഴിഞ്ഞു. ആശുപത്രി പരിസരത്തുണ്ടായിരുന്ന ആംബുലന്‍സ് ഡ്രൈവറെ സമീപിച്ചെങ്കിലൂം 1500 രൂപയാണ് കൂലിയായി ചോദിച്ചത്. ഇത് പൂജാരം ജാതവിന് താങ്ങാവുന്നതിനപ്പുറമായിരുന്നു.

ഇതോടെ മറ്റ് വാഹനങ്ങള്‍ തേടി ഇയാള്‍ പുറത്തേക്ക് പോയി. പിതാവ് മടങ്ങിവരുന്നതും കാത്ത് ഗുല്‍ഷം വെളുത്ത തുണിയില്‍ പൊതിഞ്ഞ അനിയന്റെ മൃതദേഹം മടിയില്‍ വച്ച് കാത്തിരുന്നു. റോഡ് വക്കില്‍ കുട്ടി ഇരുന്ന് കരയുന്നത് ശ്രദ്ധയില്‍പെട്ട വഴിയാത്രക്കാര്‍ വിവരം തിരക്കി പോലീസിനെ അറിയിക്കുകയായിരുന്നു.

പോലീസ് എത്തി ഗുല്‍ഷമിനെ ആശുപത്രിയിലേക്ക് മാറ്റി. ഒരു ആംബുലന്‍സ് സംഘടിപ്പിച്ച് ഇവരെ വീട്ടിലേക്ക് അയക്കുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group