ചെന്നൈ: എഐഎഡിഎംകെ ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം ചേരാനിരിക്കേയാണ് ഇ. പളനിസ്വാമിയേയും ഒ.പനീര്‍സെല്‍വത്തെയും അനുകൂലിക്കുന്നവര്‍ തമ്മില്‍ പാര്‍ട്ടി ആസ്ഥാനത്ത് സംഘര്‍ഷമുണ്ടായത്.
പാര്‍ട്ടി ഉന്നതാധികാര സമിതിയാണ് ജനറല്‍ കൗണ്‍സില്‍. പാര്‍ട്ടി പിടിച്ചടക്കാന്‍ പനീര്‍സെല്‍വം, പളനിസ്വാമി വിഭാഗങ്ങള്‍ തമ്മില്‍ പോരാട്ടം ശക്തമാണ്. പാര്‍ട്ടിക്ക് ഇടക്കാല ജനറല്‍ സെക്രട്ടറിയെ നിശ്ചയിക്കാനുള്ള ഈ യോഗം തടയണമെന്ന പനീര്‍സെല്‍വത്തിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളുകയും യോഗത്തിന് അനുമതി നല്‍കുകയും ചെയ്തിരുന്നു. യോഗം തടയാനാവില്ലെന്നും ജനാധിപത്യത്തില്‍ ഭൂരിപക്ഷ ഇച്ഛാശക്തിയാണ് വിജയിക്കേണ്ടതെന്നും ഇതില്‍ കോടതിക്ക് ഇടപെടാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കോര്‍ഡിനേറ്റര്‍, ജോയിന്റ് കോര്‍ഡിനേറ്റര്‍ പദവികള്‍ റദ്ദാക്കി ഇടക്കാല ജനറല്‍ സെക്രട്ടറി പദവി പുനഃസ്ഥാപിച്ച് എടപ്പാടി പളനിസ്വാമി അധികാരമേല്‍ക്കുന്ന ചടങ്ങാണ് ഇന്ന് പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്നത്. ഇതോടെ എഐഎഡിഎംകെയും ഒപിഎസ് യുഗം അവസാനിക്കും.
രാവിലെ ഒപിഎസ് വിഭാഗം ആസ്ഥാനത്ത് എത്തിയപ്പോള്‍ വാതിലുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. വാതില്‍ തള്ളിത്തുറന്നാണ് ഒപിഎസ് പക്ഷം അകത്തുകടന്നത്. ഇരുപക്ഷവും ഏറ്റുമുട്ടുകയും പരസ്പരം കല്ലെറിയുകയും ചെയ്തു. സംഘര്‍ഷത്തിനിടെ ഒരാള്‍ക്ക് കുത്തേറ്റതായി റിപ്പോര്‍ട്ടുണ്ട്.
കോടതി അനുമതി നല്‍കിയതോടെ എ തമിഴ് മഹന്‍ ഹുസൈന്റെ നേതൃത്വത്തില്‍ ജനറല്‍ കൗണ്‍സില്‍, എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം തുടങ്ങി. എംജിആറിന്റെയും ജെ.ജയലളിതയുടെയും ചിത്രങ്ങള്‍ക്ക് മുന്‍പില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ച ശേഷമാണ് യോഗത്തിലേക്ക് കടന്നത്. യോഗത്തില്‍ എടപ്പാടി പളനിസ്വാമി സംസാരിക്കുകയാണ്.
ജനറല്‍ കൗണ്‍സിലില്‍ 16 പ്രമേയങ്ങളാണ് അവതരിപ്പിക്കുക. വന്‍ പോലീസ് സുരക്ഷയിലാണ് യോഗം നടക്കുന്നത്. ഹാളിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല.
Post a Comment