ദില്ലി: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. തുടർച്ചയായ നാലാം സെഷനിലും ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തി. ഈ മാസം ഏഴ് തവണയാണ് രൂപ റെക്കോർഡ് ഇടിവിലേക്ക് എത്തുന്നത്.
ഇന്ന് രാവിലെ രൂപയുടെ മൂല്യം 0.17 ശതമാനം ഇടിഞ്ഞു. 79.64 ൽ നിന്നും 79.77 എന്ന താഴ്ന്ന നിലയിലേക്ക് എത്തി. ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. ജൂലൈ 26-27 തീയതികളിൽ യുഎസ് ഫെഡ് ചേരാനിരിക്കെ പലിശ നിരക്കുകൾ ഉയർന്നേക്കും എന്ന അഭ്യൂഹമുണ്ട്. പലിശ നിരക്ക് 100 ബേസിസ് പോയിന്റുകൾ ഉയർന്നേക്കുമെന്നാണ് സൂചന.
ഉയർന്ന ഇറക്കുമതി കാരണം രാജ്യത്തിന്റെ വ്യാപാര കമ്മി വർധിച്ചിട്ടുണ്ട്. 2022-23 ഏപ്രിൽ-ജൂൺ കാലയളവിൽ ഇന്ത്യയുടെ ചരക്ക് ഇറക്കുമതി 187.02 ബില്യൺ ഡോളറായിരുന്നു, 2021-22 ഏപ്രിൽ-ജൂൺ മാസങ്ങളിലെ 126.96 ബില്യൺ ഡോളറിനേക്കാൾ 47.31 ശതമാനം വർധനയാണ് ഉണ്ടായത്.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ, ഇന്ത്യയുടെ ചരക്ക് കയറ്റുമതി 116.77 ബില്യൺ ഡോളറായി ഉയർന്നു, ഏപ്രിൽ-ജൂൺ 2021-22 ൽ രേഖപ്പെടുത്തിയ 95.54 ബില്യൺ ഡോളറിനേക്കാൾ 22.22 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.
ഈ വർഷം ജൂണിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 16.8% വർധിച്ച് 37.9 ബില്യൺ ഡോളറിലെത്തി, അതേസമയം ഇറക്കുമതി 51.02% ഉയർന്ന് 63.58 ഡോളറിലെത്തിയിട്ടുണ്ട്.
Post a Comment