Join News @ Iritty Whats App Group

വ്യാജ ആംബര്‍ഗ്രീസിന്‍റെ പേരില്‍ കോടികളുടെ തട്ടിപ്പ് ; അഞ്ചംഗ സംഘം പിടിയില്‍

വ്യാജ ആംബര്‍ഗ്രീസിന്‍റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തുന്ന സംഘത്തെ മലപ്പുറത്ത് പോലീസ് പിടികൂടി. കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സംഘത്തിലെ അഞ്ചു പേരാണ് അറസ്റ്റിലായത്. തട്ടിപ്പിനിരയായ പെരിന്തല്‍മണ്ണ സ്വദേശിയുടെ പരാതിയില്‍ ആണ് തട്ടിപ്പ് സംഘത്തെ പോലീസ് പിടികൂടിയത്. മേലാറ്റൂര്‍ എടയാറ്റൂര്‍ സ്വദേശികളായ വെമ്മുള്ളി അബ്ദുള്‍റൗഫ്(40), വെമ്മുള്ളി മജീദ്(46) , കണ്ണൂര്‍ തളിപ്പറമ്പ് പൂമംഗലം സ്വദേശി വള്ളിയോട്ട് കനകരാജന്‍(44),തിരൂര്‍ പറപ്പൂര്‍ സ്വദേശി പടിവെട്ടിപ്പറമ്പില്‍ രാജന്‍(48), ഒയൂര്‍ സ്വദേശി ചിറ്റമ്പലം ഷെരീഫ്(35), എന്നിവരെയാണ് മലപ്പുറം ടൗണില്‍ വച്ച് കസ്റ്റഡിയിലെടുത്തത്.
യഥാര്‍ഥ ആംബർ ഗ്രീസ് അഥവാ തിമിംഗല ഛർദ്ദിലിന് അന്താരാഷ്ട്ര വിപണിയിൽ കോടികളാണ് വില. നിയമം മൂലം നിരോധിച്ചത് ആണെങ്കിലും ഇതിന് പിന്നിൽ ഒട്ടേറെ പേരാണ് വിപണന മേഖലയിൽ ഉള്ളത്.

ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐ.പി.എസിന്‍റെ നിര്‍ദ്ദേശപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് മലപ്പുറം ഡിവൈഎസ്പി അബ്ദുള്‍ ബഷീറിന്‍റെ നേതൃത്വത്തില്‍ സി.ഐ.ജോബിതോമസും പ്രത്യേകസംഘവും നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം കെ.എസ്.ആർ.ടി.സി സ്റ്റാന്‍ഡ് പരിസരത്ത് വച്ച് അഞ്ചംഗ സംഘത്തെ പിടികൂടിയത്. ഇവരിൽ നിന്ന് 25 കിലോയോളം വ്യാജ ആംബര്‍ഗ്രീസും കണ്ടെത്തി. ആഡംബര കാര്‍ സഹിതം ആണ് സംഘത്തെ പോലീസ് പിടികൂടിയത്.

തട്ടിപ്പ് നടന്നത് ഇപ്രകാരം.ഇരുപത്തഞ്ച് കിലോയോളം തൂക്കംവരുന്ന ആംബര്‍ഗ്രീസ് കൈവശമുണ്ടെന്നും ഇതിന് മാര്‍ക്കറ്റില്‍ കിലോഗ്രാമിന് 45 ലക്ഷത്തോളം രൂപ വിലയുള്ളതായും തട്ടിപ്പ് സംഘം പെരിന്തല്‍മണ്ണ സ്വദേശിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇയാളിൽ നിന്നും അഡ്വാന്‍സായി പതിനായിരം രൂപവാങ്ങി ആറുകിലോയോളം വരുന്ന വ്യാജ ആംബര്‍ ഗ്രീസ് കൈമാറുകയായിരുന്നു. ബാക്കി പണം സാധനം കൈമാറുമ്പോള്‍ കൊടുക്കാമെന്നായിരുന്നു വ്യവസ്ഥ. പരാതിക്കാരന്‍ ലഭിച്ച വസ്തു വിശദമായി പരിശോധിച്ചസമയത്താണ് ഇത് വ്യാജമാണെന്ന് മനസ്സിലാക്കിയത്.

തട്ടിപ്പ് മനസിലാക്കി ഇയാള്‍ മലപ്പുറം സ്റ്റേഷനില്‍ പരാതി കൊടുക്കുകയുമായിരുന്നു. തിമിംഗല ഛർദി എന്ന് പറഞ്ഞാണ് ഇത് വിൽപന നടത്താൻ തട്ടിപ്പ് സംഘം ശ്രമിച്ചത്. പെര്‍ഫ്യുും അടക്കമുള്ള സുഗന്ധ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാൻ വേണ്ടി ആണ് ഇത് ഉപയോഗിക്കുന്നത്. എന്നാൽ തട്ടിപ്പ് സംഘം സോഫ്റ്റ് സോപ്പ് പോലെ ഉള്ള വസ്തു സുഗന്ധ ദ്രവ്യങ്ങൾ എല്ലാം ചേർത്ത് ആംബർ ഗ്രീസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വിപണനം നടത്താൻ ശ്രമിക്കുക ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കടലില്‍ നിന്നും വളരെ അപൂര്‍വ്വമായി മീന്‍പിടുത്തക്കാര്‍ക്കും മറ്റും ലഭിക്കുന്നതും ലക്ഷക്കണക്കിന് രൂപ മൂല്യമുള്ളതുമായ ആംബര്‍ഗ്രീസ് എന്നറിയപ്പെടുന്ന തിമിംഗല ഛര്‍ദ്ദില്‍ മോഹവിലയ്ക്ക് വിദേശത്തും കേരളത്തിന് പുറത്തും എടുക്കാന്‍ ആളുണ്ട് . അത് കൊണ്ട് തന്നെ ആണ് ഈ മേഖലയിൽ തട്ടിപ്പ് സംഘം സജീവമാകുന്നത്. തട്ടിപ്പിനിരയാവുന്നവര്‍ മാനക്കേട് ഭയന്ന് പരാതി കൊടുക്കാറില്ല എന്നതും ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നവർക്ക് സഹായകമാകുന്നു.

പ്രതികളുടെ കാറില്‍ നിന്നും ഇരുപത് കിലോയോളം വ്യാജ ആംബര്‍ഗ്രീസ് പിടിച്ചെടുത്തു. കേസില്‍ പിടിയിലായ എടയാറ്റൂര്‍ സ്വദേശി അബ്ദുള്‍ റൗഫിന്‍റെ പേരില്‍ മുന്‍പും സമാനതരത്തിലുള്ള തട്ടിപ്പുകസുകളുണ്ട്. കേരളത്തില്‍ മറ്റു ജില്ലകളിലും ഇത്തരത്തില്‍ തട്ടിപ്പുകള്‍ നടത്തിയതിനെ കുറിച്ച് സൂചന ലഭിച്ചതായും ഡിവൈഎസ്പി അബ്ദുള്‍ ബഷീര്‍,സിഐ.ജോബിതോമസ് അറിയിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ ഡാന്‍സാഫ് സ്ക്വാഡും മലപ്പുറം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ എസ്.ഐ അമീറലി, എ.എസ്.ഐ സിയാദ് കോട്ട, ഹമീദലി . ഹാരീസ്, ഷാജു, ഷിൻസ് ആന്റണി , എന്നിവരുമാണ് സംഘത്തിലുണ്ടായിരുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group