തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ വധശ്രമ ഗൂഢാലോചന കേസിൽ മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ എസ് ശബരീനാഥൻ അറസ്റ്റിൽ. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പ്രോസിക്യൂഷനാണ് അറസ്റ്റ് ചെയ്തതായി കോടതിയെ അറിയിച്ചത്. ശംഖുമുഖം പൊലീസ് സ്റ്റേഷനിലാണ് ശബരീനാഥൻ ഉള്ളത്. സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്.
വിമാനത്തിനുള്ളിൽ പ്രതിഷേധിക്കാൻ സംഘടനയ്ക്കുള്ളിലെ വാട്സാപ്പ് ഗ്രൂപ്പിൽ ശബരിനാഥ് നിർദ്ദേശിച്ച തരത്തിലുള്ള സക്രീൻ ഷോട്ട് പുറത്തു വന്നതിനു പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി. സംഭവത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ശബരിനാഥിന് കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചിരുന്നു.
തിരുവനന്തപുരം ശംഖുമുഖം അസിസ്റ്റൻറ് കമ്മീഷണർ ഓഫീസിൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു നോട്ടീസ്. ശബരീനാഥൻ ഹാജരായതിനു പിന്നാലെയാണ് അറസ്റ്റ്. കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ മൂന്ന് പേർ വിമാനത്തിനുള്ളിൽ കയറി മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത് ഗൂഡാലോചനയുടെ ഭാഗമായാണെന്നാണ് പൊലീസ് പറയുന്നത്.
Post a Comment