പാലക്കാട് : പാലക്കാട് കരിമ്പയിൽ സദാചാര ആക്രമണമുണ്ടായ ബസ് സ്റ്റോപ്പിൽ വിദ്യാർത്ഥികളുടെ പ്രതീകാത്മക പ്രതിഷേധം. കരിമ്പ എച്ച് എസ് എസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളാണ് ബസ് സ്റ്റോപ്പിൽ ഒന്നിച്ചിരുന്ന് പ്രതിഷേധിക്കുന്നത്. ഒപ്പമിരിക്കരുതെന്നാണ് നാട്ടുകാർ പറയുന്നതെന്നും മുൻപും ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായിരുന്നുവെന്നും പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ പറഞ്ഞു. 'ഞങ്ങൾക്ക് ഒപ്പമുള്ളവർക്കാണ് മർദ്ദനമേറ്റത്. നേരത്തെയും ആണും പെണ്ണും ഒന്നിച്ചിരിക്കുന്നതിനെ ചോദ്യം ചെയ്തിരുന്നു'. പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചിരുന്നാൽ അധിക്ഷേപിക്കും. സ്കൂളിലും ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരുന്നാൽ ടീച്ചേർഴ്സ് ചോദിക്കും. എന്താണ് ആണിനും പെണ്ണിനും ഒന്നിച്ചിരുന്നാലെന്നും വിദ്യാർത്ഥികൾ ചോദിക്കുന്നു.
മണ്ണാർക്കാട് കരിമ്പ എച്ച് എസ് എസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്കാണ് കഴിഞ്ഞ ദിവസം മർദ്ദനമേറ്റത്. സ്കൂൾ വിട്ട ശേഷം സമീപത്തെ ബസ് സ്‌റ്റോപിൽ ബസ് കാത്ത് ഇരിക്കുകയായിരുന്നു അഞ്ച് പെൺകുട്ടികളും അഞ്ച് ആൺകുട്ടികളും. ഈ സമയത്ത് അവിടേക്ക് വന്നവർ പെൺകുട്ടികൾക്കൊപ്പം ഇരിക്കുന്നത് ചോദ്യം ചെയ്യുകയും മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിൽ ഇതുവരെ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. സ്ഥലത്ത് പൊലീസ് സന്നാഹമുണ്ട്.
Post a Comment