Join News @ Iritty Whats App Group

വൃദ്ധനെ മർദിച്ചെന്ന് ആരോപണം;വൃദ്ധനായ രോഗിയെ പരിചരിക്കാന്‍ ഇസ്രായേലില്‍ എത്തിയ കണ്ണൂര്‍ സ്വദേശിയായ ഹോം നഴ്‌സ് ജയിലില്‍,മോചനം കാത്ത് കണ്ണീരോടെ കുടുംബം

കണ്ണൂര്‍: വൃദ്ധനായ രോഗിയെ പരിചരിക്കാന്‍ ഇസ്രായേലില്‍ എത്തിയ കണ്ണൂര്‍ സ്വദേശിയായ ഹോം നഴ്‌സ് ജയിലില്‍. കണ്ണൂര്‍ പിണറായി എരുവട്ടി പാറമ്മല്‍ വീട്ടില്‍ ദിപിന്‍ എന്ന 24 കാരനാണ് ഇസ്രയേലിലെ ജയിലില്‍ കഴിയുന്നത്.
പരിചരണത്തിനിടെ ദിപിന്‍ വൃദ്ധനെ മര്‍ദ്ദിച്ചു എന്നതാണ് കുറ്റം. മര്‍ദ്ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ആണ് ദിപിനെതിരെ ഉള്ള തെളിവായിരിക്കുന്നത്.

ഇസ്രായേലില്‍ നിന്ന് കഴിഞ്ഞ ജൂണ്‍ 9-ാം തിയതിയാണ് ഏറ്റവും അവസാനമായി ദിപിന്‍ വീട്ടുകാരെ വിളിക്കുന്നത്. മൂന്ന് ദിവസം മുന്‍പാണ് ദിപിന്‍ ജയിലിലായി എന്ന വിവരം സ്ഥിരീകരിക്കപ്പെടുന്നത്. ജറുസലെമിലെ ഇസ്രായേലി കുടുംബത്തില്‍ കെയര്‍ടേക്കറായി ജോലി ചെയ്യുകയായിരുന്നു ദിപിന്‍. അവിടെ ഉണ്ടായിരുന്ന വൃദ്ധനെ ദിപിന്‍ ആക്രമിച്ചു എന്നതാണ് അവര്‍ കണ്ടെത്തിയിരിക്കുന്ന കുറ്റം.

ഈ വൃദ്ധന്റെ ശരീരത്തില്‍ അസ്വാഭാവികമായ പാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ദിപിന്‍ അറിയാതെ വീട്ടുകാര്‍ വീടിന് അകത്ത് സി സി ടി വി വെക്കുകയായിരുന്നു. ഇതോടെ ദിപിന്‍ വൃദ്ധനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വരികയും ചെയ്തു. ഈ സി സി ടി വി ദൃശ്യങ്ങള്‍ സഹിതമാണ് ഈ വൃദ്ധന്റെ രണ്ട് മക്കള്‍ പൊലീസിന് പരാതി നല്‍കിയത്. ഇവരുടെ പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയ പൊലീസ് പരാതിയില്‍ കഴമ്ബുണ്ട് എന്ന് കണ്ടെത്തി.

ഇതോടെ ദിപിന് എതിരെ കേസെടുത്ത് ജയിലില്‍ അടക്കുകയായിരുന്നു. ഗൗരവമേറിയ വകുപ്പുകള്‍ അനുസരിച്ചാണ് ദിപിന് എതിരെ പൊലീസ് കേസെടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ദിപിന്‍ ജോലി ചെയ്ത വീട്ടില്‍ ഹോം നഴ്‌സിംഗിന് പുറമെ മറ്റ് ജോലികളും ചെയ്യിച്ചിരുന്നു എന്നും അത് ചെയ്യാത്തതിലുള്ള വൈരാഗ്യമാണ് കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടക്കാന്‍ കാരണം എന്നുമാണ് ദിപിന്റെ മാതാപിതാക്കളായ പങ്കജവും ദാമോദരനും പറയുന്നത്.

കുടുംബത്തിന്റെ പ്രാരാബ്ധം മൂലം വിദേശത്ത് ജോലിക്ക് പോയ ദിപിന്‍ ജയിലിലായ വാര്‍ത്ത അറിഞ്ഞ് മാനസിക പ്രയാസത്തില്‍ കഴിയുകയാണ് ദിപിന്റെ മാതാപിതാക്കളായ പങ്കജവും ദാമോദരനും. തങ്ങളുടെ മകന്‍ കുറ്റം ചെയ്യില്ല എന്നാണ് ദിപിന്റെ മാതാപിതാക്കള്‍ പറയുന്നത്. മകന്റെ മോചനത്തിനായി കാത്തിരിക്കുകയാണ് പങ്കജവും ദാമോദരനും.

Post a Comment

Previous Post Next Post
Join Our Whats App Group