Join News @ Iritty Whats App Group

സൗഹൃദ സംഗമങ്ങള്‍ മതേതര പാരമ്പര്യത്തിന് കരുത്ത് പകരും, രാജ്യമൊട്ടാകെ വ്യാപിപ്പിക്കണം: എച്ച്.ഡി ദേവ ഗൗഡ


ബംഗ്ലൂരു: പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന സൗഹൃദ സംഗമങ്ങള്‍ ഇന്ത്യയുടെ മതേതര പാരമ്പര്യത്തിന് കരുത്തുപകരുമെന്ന് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവ ഗൗഡ. ആള്‍ ഇന്ത്യാ കെഎംസിസി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി ബംഗ്ലൂരില്‍ നടത്തിയ ഹാര്‍മണി കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സൗഹൃദ സംഗമങ്ങള്‍ രാജ്യത്തൊട്ടാകെ വ്യാപിപ്പിക്കണമെന്ന് ദേവ ഗൗഡ പറഞ്ഞു. 

കലുഷിത കാലത്തെ കൂടിയിരുത്തങ്ങള്‍ക്ക് വലിയ പ്രാധാന്യവും പ്രസക്തിയും ഉണ്ട്. രാജ്യത്തെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെയും ആചാരങ്ങളെയും വിശ്വാസങ്ങളെയും ഇല്ലാതാക്കാന്‍ ഛിദ്ര ശക്തികള്‍ ശ്രമിക്കുമ്പോള്‍ ഭിന്നതകള്‍ മറന്ന് ജനാധിപത്യ വിശ്വാസികള്‍ ഒന്നിക്കണം. മതേതര മൂല്യങ്ങളുടെ സംരക്ഷണിനായുള്ള പോരാട്ടങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ഹൊസൂര്‍ റോഡ് റോയല്‍ പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. രാജ്യത്തിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാനും ഐക്യത്തിന്റെ സമാധാനത്തിന്റെയും അന്തരീക്ഷം കാത്തു സൂക്ഷിക്കാനും സൗഹൃദ സംഗമ സദസ്സുകള്‍ നിമിത്തമാകുന്നുവെന്ന് സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കേരളത്തിനു പുറത്ത് നടത്തിയ ആദ്യ പരിപാടിയാണ് ഉദ്യാന നഗരിയിലേത്. രാജ്യത്തിന്റെ എല്ലാ ദിക്കിലേക്കും സ്‌നേഹ സന്ദേശങ്ങള്‍ എത്തിക്കാന്‍ ഈ സദസ്സ് വലിയ പ്രചോദനം നല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയെന്ന ജനാധിപത്യ മതേതര-രാജ്യത്ത് ന്യൂനപക്ഷ സമൂഹത്തെ സംഘടിപ്പിച്ച് രാഷ്ട്ര നിര്‍മ്മാണത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു എന്നതും അതിലുപരി പൗരന്റെ സ്വാതന്ത്ര്യവും സമാധാനവും പരിരക്ഷിക്കുന്നതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്തതുമാണ് മുസ്ലിംലീഗ് രാഷ്ട്രത്തിന് നല്‍കിയ മഹത്തായ സേവനമെന്ന് വിവിധ ജാതി മത സമുദായ നേതാക്കള്‍ സൗഹൃദ ഭാഷണ നില്‍ പറഞ്ഞു. മത രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത പരിപാടിയില്‍ എഐകെഎംസിസി ബംഗ്ലൂരു സെക്രട്ടറി ഡോ. എം.എ അമീറലി സ്വാഗതവും എസ്.ടി.സി.എച്ച് ജനറല്‍ സെക്രട്ടറി എം.കെ നൗഷാദ് നന്ദിയും പറഞ്ഞു. 

മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫ് ആമുഖ പ്രഭാഷണവും മുസ്ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റ് സിറാജ് ഇബ്രാഹിം സേട്ട് മുഖ്യപ്രഭാഷണവും നടത്തി. മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗം കെ.പി.എ മജീദ് എം.എല്‍.എമാരായ യു.ടി ഖാദര്‍, സൗമ്യ റെഡ്ഢി, അഡ്വ. എന്‍ ശംസുദ്ധീന്‍, പി അബ്ദുല്‍ ഹമീദ്, പി ഉബൈദുല്ല, കുറുക്കോളി മൊയ്ദീന്‍, ബി.എം ഫാറൂഖ് എം.എല്‍.സി, സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍, അബ്ദുറഹിമാന്‍ രണ്ടത്താണി, ബംഗ്ലൂരു ജാമിഅഃ മസ്ജിദ് മുഖ്യ ഇമാമും ഖത്തീബുമായ ഡോ. മൗലാന മക്‌സൂദ് ഇമ്രാന്‍ റഷാദി, യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ചാപ്ലൈന്‍ ഫാദര്‍ കൗമ, മാണ്ഡ്യ രൂപത ചാന്‍സലര്‍ ഫാദര്‍ ജോമോന്‍ കോലഞ്ചേരി, റവ.ഫാദര്‍ സിബി ബേബി, നോര്‍ക്ക നോഡല്‍ ഓഫീസര്‍ ട്രീസ രഞ്ജിത്ത്, ജമാഅത്തെ ഇസ്ലാമി കര്‍ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.മുഹമ്മദ് താഹ മത്തീന്‍, എ കെ അഷ്റഫ് , അല്‍ അമീന്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി ചെയര്‍മാന്‍ ഉമര്‍ ഇസ്മായില്‍ ഖാന്‍, പാറക്കല്‍ അബ്ദുല്ല,സി.എച്ച് ഇബ്രാഹിംകുട്ടി, അസീസ് മാണിയൂര്‍, അസീസ് കോറോം, യുഡിഎഫ് കര്‍ണാടക ചെയര്‍മാന്‍ മെറ്റി കെ ഗ്രേസ്, വിവിധ മലയാളി സംഘടനകളെ പ്രതിനിധീകരിച്ച് സത്യന്‍ പുത്തൂര്‍, രാമചന്ദ്രന്‍ പാലേരി, സുധാകരന്‍ രാമന്തളി, വിഷ്ണുമംഗലം കുമാര്‍, ആര്‍.വി ആചാരി, പ്രമോദ്, ജൈസണ്‍, നജീബ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group