തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽവച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മുന്‍ എംഎല്‍എയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ എസ് ശബരിനാഥന് (KS Sabarinadhan) ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാല്‍ ഹാജരാകണം, ഡിജിറ്റൽ ഉപകരണങ്ങൾ ഹാജരാക്കണം എന്നീ ഉപാധികളോടെയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പൊലീസ് ആവശ്യം കോടതി തള്ളി. അതേസമയം, ശബരിനാഥന് ജാമ്യം നൽകിയതിനെതിരെ കോടതി വളപ്പിൽ സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു.
ഗൂഢാലോചനയിൽ ശബരിനാഥൻ ആണ് ‘മാസ്റ്റർ ബ്രെയ്ൻ’ എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. വാട്സാപ് സന്ദേശം അയച്ചശേഷം ശബരിനാഥൻ ഒന്നാം പ്രതിയെ ഫോണിൽ വിളിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
കേസിലെ നാലാം പ്രതിയാണ് ശബരിനാഥൻ. വാട്സാപ് ഉപയോഗിച്ച ഫോൺ മാറ്റിയെന്നും യഥാർത്ഥ ഫോൺ കണ്ടെടുക്കണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. മറ്റാർക്കെങ്കിലും സന്ദേശം അയച്ചോ എന്നും കണ്ടെത്തണം. പ്രതികൾ നാലുപേരും ചേർന്ന് കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഗൂഢാലോചന നടത്തിയെന്ന് കാട്ടി ഇന്ന് രാവിലെയാണ് ശബരിനാഥനെ അറസ്റ്റു ചെയ്തത്. ഗൂഢാലോചന, വധശ്രമം, കൂട്ടംചേരൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
ചൊവ്വാഴ്ച രാവിലെ 10ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നു കാട്ടി ലഭിച്ച നോട്ടിസ് പ്രകാരം രാവിലെ 10.35 നാണ് ശബരീനാഥൻ സ്റ്റേഷനിലെത്തിയത്. 10.40 ന് അദ്ദേഹം ശംഖുമുഖം എസിപിയുടെ മുൻപിൽ ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ 11 ന് ശബരിനാഥന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വാദം ആരംഭിച്ചു. ഈ വാദത്തിടെ 11.10 ഓടെയാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ വിവരം സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
Post a Comment