ചിറ്റാര്‍: പത്തനംതിട്ടയില്‍നിന്നു പത്താം ക്ലാസ് വിദ്യാര്‍ഥിനിയുമായി നാടുവിട്ട സ്വകാര്യ ബസ് ഡ്രൈവറെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി പോലീസ്. ചിറ്റാര്‍, പേഴുംപാറ സ്വദേശി കെ.ആര്‍. ഷിബിനെ(33)യും വാലുപാറ സ്വദേശിയായ പതിനഞ്ചുവയസുകാരിയെയും കോട്ടയത്തെ ലോഡ്‌ജില്‍നിന്നാണു കണ്ടെത്തിയത്.
ഇന്നലെ പുലര്‍ച്ചെ നാലരയോടെ വീട്ടില്‍നിന്നാണ് ആവേ മരിയ ബസിന്റെ ഡ്രൈവറായ ഷിബിന്‍ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയത്. മകളുടെ സുഹൃത്താണ് ഷിബിനെന്ന് അറിയാവുന്ന മാതാവ് ഇയാളുടെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കുട്ടി തനിക്കൊപ്പം സുരക്ഷിതയാണെന്നായിരുന്നു മറുപടി. ഇതിനുശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌തു.
പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്തശേഷം ഇന്‍സ്‌പെക്‌ടര്‍ കെ.എസ്. ഗോപകുമാറിന്റെ നേതൃത്വത്തില്‍ മൂഴിയാര്‍ പോലീസ് രണ്ടു പേരുടെയും ചിത്രം സഹിതം ലുക്കൗട്ട് നോട്ടീസ് തയാറാക്കി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഷിബിന്റെ മുന്‍കാല ചരിത്രം മനസിലാക്കിയ പോലീസ് ആ വഴിക്കു നടത്തിയ അന്വേഷണമാണു വൈകിട്ടോടെ കുട്ടിയെ കണ്ടെത്താന്‍ സഹായിച്ചത്. കോട്ടയം സ്വകാര്യ ബസ് സ്‌റ്റാന്‍ഡിനു സമീപത്തെ ലോഡ്‌ജിലാണ് ഇരുവരും ഉണ്ടായിരുന്നത്. അണ്‍എയ്‌ഡഡ് സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടി ബസ് യാത്രയ്‌ക്കിടെയാണു ഷിബിനെ പരിചയപ്പെട്ടതെന്നു കരുതുന്നു. ഇയാള്‍ കൊച്ചുകോയിക്കലിനു സമീപം വാടകയ്‌ക്കു താമസിക്കുകയാണ്. വിവാഹിതനായ ഇയാള്‍ക്ക് മക്കളുമുണ്ട്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്‌ക്കു വിധേയമാക്കിയശേഷം തുടര്‍നടപടി സ്വീകരിക്കും.
Post a Comment