ഇടുക്കിയിലെ ചെമ്മണ്ണാറില്‍ മോഷണശ്രമത്തിനിടെ ഓടിരക്ഷപ്പെട്ട മോഷ്ടാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സേനാപതി വട്ടപ്പാറ സ്വദേശി വിരിയപ്പള്ളില്‍ ജോസഫാണ് മരിച്ചത്. സംഭവത്തില്‍ മോഷണംശ്രമം നടന്ന വീട്ടിലെ ഉടമസ്ഥന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചെമ്മണ്ണാര്‍ കൊന്നയ്ക്കാപ്പറമ്പില്‍ രാജേന്ദ്രനെയാണ് അറസ്റ്റ് ചെയ്തത്.
മോഷണ ശ്രമത്തിനിടെയുണ്ടായ മല്‍പ്പിടുത്തത്തിനിടെ കഴുത്ത് ഞെരിച്ചതാണ് മരണ കാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ജോസഫിന്റെ കഴുത്തിലെ എല്ലുകള്‍ പൊട്ടി ശ്വാസനാളിയില്‍ കയറി ശ്വാസതടസ്സമുണ്ടായതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ നാലിനും അഞ്ചിനുമിടയിലാണു സംഭവം. മോഷണ ശ്രമം നടന്ന രാജേന്ദ്രന്റെ വീടിന് നൂറ്റമ്പത് മീറ്റര്‍ അകലെ മറ്റൊരു വീടിന്റെ മുറ്റത്താണ് ജോസഫിന്റെ മൃതദേഹം കണ്ടെത്തിയത്. രാജേന്ദ്രന്റെ വീട്ടില്‍ നിന്നും ഫ്രിഡ്ജില്‍ സൂക്ഷിച്ച ഇറച്ചിയും ഷര്‍ട്ടിനുള്ളില്‍ നിന്ന് 6,000 രൂപയും ജോസഫ് മോഷ്ടിച്ചെന്ന് രാജേന്ദ്രന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
ജോസഫിന്റെ മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു കിലോ ഇറച്ചി. ചെരുപ്പ്, വാക്കത്തിയെന്നിവ കണ്ടെത്തി. എന്നാല്‍, നഷ്ടപ്പെട്ടെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്ന 6000 രൂപ കണ്ടെത്താനായില്ല. ജോസഫിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Post a Comment