സംസ്ഥാനത്തെ ജിമ്മുകള്‍ നിയമപരമായി പ്രവര്‍ത്തിക്കണമെന്ന് ഹൈക്കോടതി. പള്ളികളെയും ക്ഷേത്രങ്ങളെയും പോലെ ജിമ്മുകളും എല്ലാവര്‍ക്കും ദേവാലയങ്ങളായി മാറിയിരിക്കുകയാണ്. ആരോഗ്യകരമായ ജീവിതശൈലിയിലേക്കുള്ള മാറ്റത്തിന്റെ തെളിവാണിത്. അതിനാല്‍ അവിടുത്തെ അന്തരീക്ഷം ആളുകളെ ആകര്‍ഷിക്കുന്ന തരത്തിലുള്ളതായിരിക്കണമെന്നും കോടതി വ്യക്തമാക്കി.
എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാരും സ്ത്രീകളും ജിമ്മില്‍ പോകുന്നത് ഒരു ക്രെഡിറ്റ് ആയാണ് കാണുന്നത്. ആരോഗ്യകരമായ ഒരു ലോകം ഉണ്ടാകുന്നതിന്റെ നല്ല സൂചനയാണിത്.അതിനാല്‍ ജിമ്മുകളുടെ അന്തരീക്ഷം ആകര്‍ഷകമായിരിക്കണം. എല്ലാ നിയമാനുസൃത ലൈസന്‍സുകളോടെ നിയമപരമായി പ്രവര്‍ത്തിക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. എല്ലാ ജിമ്മുകളും മൂന്ന് മാസത്തിനുള്ളില്‍ ലൈസന്‍സ് എടുക്കണമെന്നും കോടതി ഉത്തരവിട്ടു.
1963 ലെ കേരള പബ്ലിക് റിസോര്‍ട്ട് നിയമപ്രകാരം എല്ലാ ജിംനേഷ്യങ്ങളും ലൈസന്‍സ് എടുക്കണമെന്നാണ് ഉത്തരവ്. ലൈസന്‍സ് ഇല്ലാതെ ഏതെങ്കിലും ജിമ്മുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ കോര്‍പ്പറേഷനുകള്‍ അടക്കം എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
നഗരസഭയുടെ ലൈസന്‍സ് ഇല്ലാതെ വീടിന് സമീപം ഫിറ്റ്നസ് സെന്റര്‍ നടത്തുന്നതിനെ ചോദ്യം ചെയ്ത് നെയ്യാറ്റിന്‍കര സ്വദേശികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്.അതേസമയം സംസ്ഥാനത്ത് ലൈസന്‍സ് ഇല്ലാതെയാണ് ഭൂരിഭാഗം ജിംനേഷ്യങ്ങളും പ്രവര്‍ത്തിക്കുന്നതെന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതിയെ അറിയിച്ചിരുന്നു.
Post a Comment