കൊച്ചി: കലൂരിൽ പാതയോരത്ത് യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. മരിച്ച ക്രിസ്റ്റഫറിന്‍റെ സുഹൃത്ത് സച്ചിനാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചത്. ആത്മഹത്യക്ക് മുമ്പ് ക്രിസ്റ്റഫര്‍ സച്ചിനെ ആക്രമിച്ചിരുന്നു.
സൗഹൃദം അവസാനിപ്പിക്കുന്നതിനെ ചൊല്ലിയാണ് സുഹൃത്തുക്കൾ ഏറ്റുമുട്ടിയതെന്ന് സച്ചിന്‍ മൊഴി നല്‍കി. സച്ചിനെ കലൂരിൽ വിളിച്ച് വരുത്തിയത് ക്രിസ്റ്റഫർ ആണ്. സൗഹൃദം അവസാനിപ്പിക്കാൻ സച്ചിൻ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ ക്രിസ്റ്റഫർ തന്നെ ആക്രമിച്ചു. അതിന് ശേഷം ഓട്ടോറിക്ഷയിൽ താൻ ആശുപത്രിയിൽ എത്തിയെന്നും സച്ചിൻ പൊലീസിനോട് പറഞ്ഞു. ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സച്ചിന്‍.
സംസ്ഥാനത്തെ തിരക്കേറിയ ജംഗ്ഷനുകളിൽ ഒന്നായ എറണാകുളം കലൂർ ദേശാഭിമാനി ജംഗ്ഷനിലാണ് കഴിഞ്ഞ ദിവസം വൈകീട്ട് നടു റോഡിൽ ക്രിസ്റ്റഫര്‍ ആത്മഹത്യ ചെയ്തത്. തോപ്പുംപടി സ്വദേശിയായ ക്രിസ്റ്റഫർ കത്തി കൊണ്ട് കഴുത്തും കൈയ്യും അറുത്താണ് കടുംകൈ ചെയ്തത്.
വൈകീട്ട് അഞ്ചരയോടെയാണ് റോഡ് മുറിച്ച് കടന്നു വന്ന ക്രിസ്റ്റഫർ സമീപത്തെ പെറ്റ് ഷോപ്പിന് മുന്നിൽ വച്ച് കഴുത്തറുത്തത്. പിന്നീട് അടുത്തുള്ള പോസ്റ്റിന് സമീപം ഇരുന്നു. കൈയ്യിലെ ഞരമ്പ് മുറിച്ചു. എഴുന്നേറ്റ് നിന്ന ഉടൻ ബോധരഹിതനായി വീണു. ചിലർ ആ വഴി കടന്നുപോയെങ്കിലും മദ്യപിച്ച് ബോധമില്ലാതെ ഒരാൾ കിടക്കുന്നുവെന്നാണ് കരുതിയത്. സമീപത്തെ പെറ്റ് ഷോപ്പ് ഉടമ സിസിടി ദൃശ്യങ്ങളിൽ നിന്ന് കാര്യങ്ങൾ മനസ്സിലാക്കിയതോടെയാണ് പൊലീസിനെ വിവരമറിയിച്ചത്. ആംബുലൻസെത്തിച്ച് എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴുത്തറുത്ത് മരിക്കാൻ ക്രിസ്റ്റഫർ തിരക്കേറിയ റോഡ് തന്നെ തെരഞ്ഞെടുത്തതിന് കാരണമെന്താകുമെന്നാണ് പൊലീസിനെ കുഴയ്ക്കുന്നത്. ഇത്രയധികം ആളുകള്‍ കടന്നുപോകുന്ന സ്ഥലത്ത് ആത്മഹത്യ ചെയ്യാൻ ക്രിസ്റ്റഫറിനെ പ്രേരിപ്പിച്ചതെന്തായിരിക്കാം. താൻ ആക്രമിച്ച തന്റെ സുഹൃത്ത് മരിച്ചെന്ന ഭയമാകാം കാരണമെന്ന് പൊലീസ് സംശയിക്കുന്നു. പക്ഷേ ഇതിന് ഇപ്പോഴും വ്യക്തതയില്ല.
Post a Comment