Join News @ Iritty Whats App Group

സ്വന്തമായി തയാറാക്കിയ കള്ളുമായി വിദ്യാർഥി ക്ലാസ് മുറിയിൽ; കുപ്പിയുടെ അടപ്പ് തെറിച്ചതോടെ കുടുങ്ങി

ഇടുക്കി: കഞ്ഞിവെള്ളത്തിൽ നിന്ന് സ്വയം തയാറാക്കിയ കള്ളുമായി ഹൈസ്‌കൂള്‍ വിദ്യാര്‍ഥി സ്കൂളിലെത്തി. ക്ലാസ് മുറിയിൽ വെച്ച് കുപ്പിയുടെ അടപ്പ് ഗ്യാസുമൂലം തെറിച്ചുപോയതിനെത്തുടര്‍ന്ന് കള്ള് ക്ലാസ് മുറിയിലാകെ വീണു. മറ്റു വിദ്യാര്‍ഥികളുടെ യൂണിഫോമിലും കള്ളായി. പ്രശ്നം വഷളാകുമെന്ന് കണ്ടതോടെ വിദ്യാർഥി അവിടെ നിന്ന് മുങ്ങി. വീട്ടിലേക്ക് പോയ ഈ വിദ്യാര്‍ഥിയെ ഉപദേശിച്ച് നന്നാക്കാന്‍ കൗണ്‍സലിങ് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് സ്കൂൾ അധികൃതർ.
ഇടുക്കി ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം നടന്നത്. രാവിലെ സ്‌കൂളിലെത്തിയ വിദ്യാര്‍ഥി സ്വയം നിര്‍മിച്ച കള്ള് ബാഗില്‍ സൂക്ഷിച്ചിരുന്നു. ഇടയ്ക്ക് കള്ള് എടുത്ത് നോക്കി. ഗ്യാസ് നിറഞ്ഞ കുപ്പിയുടെ അടപ്പ് തെറിച്ച് ഇത് പുറത്തേക്കുവീണു. വിദ്യാര്‍ഥികളുടെ യൂണിഫോമിലും കള്ളായി. സഹപാഠികള്‍ അധ്യാപകരെ വിവരം അറിയിച്ചു. അധ്യാപകര്‍ വന്നപ്പോഴേക്കും വിദ്യാര്‍ഥി സ്ഥലംവിട്ടു. ഇതോടെ അധ്യാപകര്‍ ഭീതിയിലായി. അവര്‍ കുട്ടിയെ തിരഞ്ഞ് വീട്ടിലെത്തി. തുടര്‍ന്നാണ് വിദ്യാര്‍ഥിക്ക് കൗണ്‍സലിങ് നല്‍കാനുള്ള നടപടി ആരംഭിച്ചത്. എക്‌സൈസിന്റെ നേതൃത്വത്തിലായിരിക്കും കൗണ്‍സലിങ്.

വിദ്യാര്‍ഥി മുന്‍പും വീടിന്റെ തട്ടിന്‍പുറത്തുവെച്ച് കള്ളുണ്ടാക്കിയെന്ന് വീട്ടുകാര്‍ അധ്യാപകരോട് പറഞ്ഞിട്ടുണ്ട്. അന്ന് കള്ള് സൂക്ഷിച്ചിരുന്ന പാത്രം പൊട്ടി തട്ടിന്‍പുറത്തുനിന്ന് താഴെ വീണപ്പോഴാണ് വിവരം അറിഞ്ഞത്.

Post a Comment

Previous Post Next Post
Join Our Whats App Group