പ്രണയം നിരസിച്ചതിന്റെ പേരില്‍ കുത്തിക്കൊല്ലാനെത്തിയ 22 വയസ്സുകാരനെ ധീരമായി നേരിട്ട് 14 വയസ്സുകാരി. കത്തിയുമായി പെണ്‍കുട്ടിയെ പിന്തുടരുകയും കുത്താന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെ പെണ്‍കുട്ടി ബലമായി പിടിച്ചു തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസം ആനമങ്ങാട്ടായിരുന്നു സംഭവം. മണ്ണാര്‍മല സ്വദേശി ജിനേഷിനെ (22) പൊലീസ് അറസ്റ്റ് ചെയ്തു.
കുറച്ച് കാലമായി പെണ്‍കുട്ടിയെ ഇയാള്‍ നിരന്തരം ശല്യം ചെയ്തു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കത്തിയുമായി എത്തിയ പ്രതി ആനമങ്ങാട്ടുവച്ച് തടഞ്ഞുനിര്‍ത്തി കുത്താന്‍ ശ്രമിക്കുകയായിരുന്നു.
ആദ്യം പേടിച്ചു പോയെങ്കിലും യുവാവിനെ പിടിച്ചു തള്ളി പെണ്‍കുട്ടി ബഹളം വച്ചു. നിലത്തുവീണ യുവാവിന്റെ കയ്യില്‍നിന്ന് കത്തി തെറിച്ചുപോയി. ഇതിനിടെ നാട്ടുകാര്‍ ഓടിക്കൂടുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അപ്പോള്‍ വാഹനത്തില്‍ തട്ടി ഇയാളുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസെത്തി ജിനേഷിനെയും അയാളുടെ കയ്യിലുണ്ടായിരുന്ന കത്തിയേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു
Post a Comment