പാലക്കാട്: ക്ലാസ് മുറിയിൽവെച്ച് ശരീരത്തിലൂടെ പാമ്പ് കയറിയിറങ്ങിയ പാലക്കാട് മങ്കര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കുട്ടിയുടെ ശരീരത്തിൽ കാലിൽ പാമ്പ് കടിയേറ്റതിൻ്റെ പാടുകളൊന്നുമില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പാമ്പിന് വിഷമില്ലെന്ന് പരിശോധനയിൽ വ്യക്തമായി. തുടർന്നാണ് കുട്ടിയെ ഡിസ്ചാർജ് ചെയ്തത്.
രാവിലെ സ്ക്കൂളിലെത്തിയ നാലാംക്ലാസ് വിദ്യാർത്ഥിനി വാതിൽ തുറന്ന് ക്ലാസിലേക്ക് കയറാൻ ശ്രമിക്കുമ്പോഴാണ് സംഭവം. വാതിൽ തുറന്നതോടെ കാലിൽ പാമ്പ് ചുറ്റുകയായിരുന്നു. പേടിച്ച് നിലവിളിച്ച വിദ്യാർത്ഥിനി കാൽ കുടഞ്ഞതോടെ പാമ്പ് കാലിൽ നിന്നും തെറിച്ചു പോയി. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അധ്യാപകരും കുട്ടികളും ചേർന്ന് പാമ്പിനെ തല്ലിക്കൊന്നു.
തുടർന്ന് അധ്യാപകർ വിദ്യാർത്ഥിനിയെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചു. പാമ്പിന് വിഷമുണ്ടോയെന്ന് പരിശോധിക്കാനായി മലമ്പുഴ പാമ്പു വളർത്തൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. പരിശോധന വിവരം അറിയുന്നത് വരെ കുട്ടിയെ നിരീക്ഷണത്തിലാക്കി. പാമ്പിന് വിഷമില്ലെന്ന് പരിശോധനയിൽ വ്യക്തമായി.
സംഭവമറിഞ്ഞ് കുട്ടിയുടെ രക്ഷിതാക്കളും ആശുപത്രിയിലെത്തിയിരുന്നു. മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യക്തമായതോടെ കുട്ടിയെ ഡിസ്ചാർജ് ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തി. സ്കൂൾ പരിസരം കാടുപിടിച്ച് കിടക്കുന്നതാണ് പാമ്പ് ക്ലാസ് മുറി വരെ എത്താൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. സ്ക്കൂൾ പരിസരം വൃത്തിയാക്കുന്നതിൽ അധികൃതർക്ക് വലിയ വീഴ്ച സംഭവിച്ചതായി നാട്ടുകാർ ആരോപിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Post a Comment