ഇടുക്കി പോതമേട്ടിൽ നായാട്ടിനിടെ ആദിവാസി യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചു മൂടിയ പ്രതികളെ നെടുങ്കണ്ടം കോടതി റിമാൻഡ് ചെയ്തു. ബൈസൺവാലി ഇരുപതേക്കര്‍ കുടിയിൽ ഭാഗ്യരാജിൻറെ മകൻ മഹേന്ദ്രനാണ് മരിച്ചത്. പോതമേട്ടിലെ ഏലക്കാട്ടാനുള്ളിൽ വച്ച് മഹേന്ദ്രനെ വെടി വെച്ചു കൊന്ന കേസിൽ ബൈസൺവാലി ഇരുപതേക്കർ സ്വദേശികളായ സാംജി, ജോമി, പോതമേട് സ്വദേശി മുത്തയ്യ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മഹേന്ദ്രൻറെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്തു നിന്നും ഇന്നലെ പുറത്തെടുത്തിരുന്നു. മൃതദേഹം കുഴിച്ചിടാൻ ഉപയോഗിച്ച ആയുധങ്ങൾ മുത്തയ്യയുടെ പോതമേട്ടിലെ താമസ സ്ഥലത്ത് നിന്നും കണ്ടെത്തി. ഫൊറൻസിക് സംഘവും വിരലടയാള വിദഗ്ദ്ധരും അയുധങ്ങളിൽ നിന്നും തെളിവുകൾ ശേഖരിച്ചു. തുടർന്ന് വെടിയേറ്റു വീണ സ്ഥലത്തും തെളിവ് നശിപ്പിക്കാൻ മൃതദേഹം കുഴിച്ചിട്ട സ്ഥലത്തുമെത്തിച്ച് തെളിവുകൾ ശേഖരിച്ചു.
കഴിഞ്ഞ ഇരുപത്തിയേഴിനാണ് മഹേന്ദ്രൻ ഉൾപ്പെട്ട നാലംഗ സംഘം പോതമേട് ഭാഗത്ത് നായാട്ടിനായി പോയത്. വഴിയരുകിൽ മഹേന്ദ്രനെ ഇരുത്തിയ ശേഷം മൂന്നു പേർ കാടിനകത്തേക്കു പോയി. വെടിയൊച്ച കേട്ടാൽ എത്തണമെന്നാണ് മഹേന്ദ്രന് മറ്റുള്ളവർ നൽകിയ നിർദ്ദേശം. അൽപം കഴിഞ്ഞ് മഹേന്ദ്രൻ കാട്ടിലേക്കുള്ള പാതയിലൂടെ നടന്നു പോയി. ഈ സമയം ടോർച്ചിൽ നിന്നും മഹേന്ദ്രൻറെ മഴക്കോട്ടിൻറെ ബട്ടൺസിൻറെ തിളക്കം കണ്ട് മൃഗമാണെന്നു കരുതി വെടിവച്ചെന്നാണ് അറസ്റ്റിലായവർ നൽകിയ മൊഴി.
ഒൻപതു മണിയോടെയാണ് വെടിയേറ്റത്. മൃതദേഹം കുഴിച്ചിട്ട ശേഷം രണ്ടരയോടെയാണ് സംഘം മടങ്ങിയത്. വീട്ടുകാരുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പിടിയിലായവർക്കൊപ്പമാണ് മഹേന്ദ്രൻ പോയതെന്ന് കണ്ടെത്തി. മുത്തയ്യയുടെ വീട്ടിൽ നിന്നും മഹേന്ദ്രൻ മടങ്ങിപ്പോയെന്നാണ് ഇവർ ആദ്യം പോലീസിനോട് പറഞ്ഞത്. പൊലീസിനൊപ്പം തെരച്ചിൽ നടത്താനും ഇവരുണ്ടായിരുന്നു.
മൊഴികളിൽ ലഭിച്ച ചെറിയൊരു വൈരുദ്ധ്യത്തിൽ നിന്നുമാണ് കൊല നടത്തിയത് ഇവരാണെന്ന് പൊലീസ് കണ്ടെത്തിയത്. അന്വേഷണം തങ്ങളിലേക്കെത്തുമെന്ന് ഉറപ്പായതോടൊയാണ് പൊലീസിൽ കീഴടങ്ങിയത്. മൃതദേഹത്തിൽ ഏഴിടത്ത് തോക്കിൻറെ ചില്ലുകൾ കയറിയതായി കണ്ടെത്തിയിട്ടുണ്ട്. ലൈസൻസില്ലാത്ത നാടൻ തോക്കാണ് ഇവരുടെ പക്കലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തനാണ് പൊലീസിൻറെ നീക്കം.
Post a Comment