Join News @ Iritty Whats App Group

ഗതാഗത നിയന്ത്രണങ്ങള്‍ നിലവില്‍ വന്നിട്ടും കുരുക്ക് അഴിയാതെ മട്ടന്നൂർ

മട്ടന്നൂര്‍: നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. കണ്ണൂര്‍, ഇരിട്ടി റോഡുകളില്‍ നിന്നും ബസ് സ്റ്റാന്‍ഡില്‍ നിന്നും വരുന്ന ചെറുവാഹനങ്ങള്‍ക്ക് മരുതായി റോഡിലേക്ക് നേരിട്ടുള്ള പ്രവേശനം തടയുന്നതാണ് പ്രധാന നിയന്ത്രണം.
കാര്‍, ജീപ്പ്, പിക്കപ്പ് വാന്‍, ഇരുചക്ര വാഹനങ്ങള്‍, മിനിലോറി എന്നിവ ഇരിട്ടി റോഡിലേക്ക് പോയി മത്സ്യക്കടയ്ക്ക് ശേഷമുള്ള ബൈപ്പാസ് റോഡ് വഴി വണ്‍വേ ആയി മരുതായി റോഡിലേക്ക് പ്രവേശിക്കണം.

ഇരിട്ടി ഭാഗത്ത് നിന്നു വരുന്ന ചെറുവാഹനങ്ങള്‍ പ്രകാശ് ജംഗ്ഷനിലെത്തി തിരിഞ്ഞ് ബൈപ്പാസ് റോഡ് വഴി മരുതായി റോഡിലേക്ക് പോകാനാണ് നിര്‍ദ്ദേശം. ഇന്നലെ മുതല്‍ മരുതായി റോഡിലേക്കുള്ള പ്രവേശനം തടഞ്ഞതോടെ കണ്ണൂര്‍, മരുതായി റോഡുകളില്‍ രൂക്ഷമായ ഗതാഗതക്കുരുക്കായിരുന്നു. നിയന്ത്രണം അറിയാതെ എത്തിയവരോട് മരുതായി ജംഗ്ഷനില്‍ വച്ചുതന്നെ വാഹനം തിരിക്കാനാവശ്യപ്പെട്ടതോടെയാണ് കുരുക്ക് രൂക്ഷമായത്. ട്രാഫിക് ഡ്യൂട്ടിയിലുള്ള ഹോംഗാര്‍ഡിനോട് യാത്രക്കാര്‍ തര്‍ക്കിക്കുന്നതും കാണാമായിരുന്നു.

മിനിലോറി ഉള്‍പ്പടെ കടന്നുപോകേണ്ട ഇരിട്ടി-മരുതായി റോഡില്‍ വീതി കുറവായതിനാല്‍ ഗതാഗതം ദുഷ്‌കരമാണെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. പള്ളിക്ക് പിന്‍ഭാഗത്തായി റോഡില്‍ വന്‍കുഴിയുമുണ്ട്. പ്രവേശനമില്ലെന്ന ബോര്‍ഡ് വച്ചിട്ടുണ്ടെങ്കിലും മരുതായി റോഡില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഇതു വഴി അങ്ങോട്ടും പോകുന്നുണ്ട്. ഇതും ഗതാഗതക്കുരുക്കിന് ഇടയാക്കും. നഗരസഭാ നേതൃത്വത്തില്‍ ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിന്റെ തീരുമാന പ്രകാരമാണ് നിയന്ത്രണങ്ങള്‍. നോ പാര്‍ക്കിംഗ് ബോര്‍ഡ് സ്ഥാപിച്ച സ്ഥലത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്ന് പിഴയീടാക്കും.

Post a Comment

Previous Post Next Post
Join Our Whats App Group