തമിഴ്‌നാട്ടിലെ കുളച്ചലില്‍ കടല്‍ തീരത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം തിരുവനന്തപുരത്ത് നിന്നും കാണാതായ നരുവാമൂട് സ്വദേശി കിരണിന്റേതാണെന്ന് അച്ഛന്‍. ഇടതു കയ്യിലെയും കാലുകളിലെയും അടയാളം കണ്ടാണ് മൃതദേഹം കിരണിന്റേതാണെന്ന് അച്ഛന്‍ പറയുന്നത്. സുഹൃത്തുക്കളും മൃതദേഹം കിരണിന്റേതാണെന്നാണ് പറയുന്നത്.
മകന് വെള്ളത്തിലിറങ്ങാന്‍ പേടിയാണെന്നും ആത്മഹത്യ ചെയ്യില്ലെന്നും കിരണിന്റെ അച്ഛന്‍ പറയുന്നു. കിരണിനെ അപായപ്പെടുത്തിയതാണ്. ഇതിന്റെ സത്യാവസ്ഥ പൊലീസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് കുളച്ചല്‍ തീരത്ത് നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കിരണിന്റേതാണോ എന്ന സംശയത്തെ തുടര്‍ന്ന് വിഴിഞ്ഞം പൊലീസും ബന്ധുക്കളും സുഹൃത്തുക്കളും കുളച്ചലില്‍ എത്തുകയായിരുന്നു. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇത് കിരണിന്റേതാണെന്ന് സ്ഥിരീകരിക്കുന്നതിന് വേണ്ടി ഡിഎന്‍എ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.
ആഴിമലയില്‍ കടലില്‍ കാണാതായ കിരണിനായി കഴിഞ്ഞദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ശനിയാഴ്ചയാണ് പെണ്‍സുഹൃത്തിനെ കാണാനെത്തിയ കിരണിനെ കാണാതായത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയെന്നും ഇതിനിടെ രക്ഷപ്പെടാനായി കിരണ്‍ കടല്‍ത്തീരത്തേക്ക് ഓടിയെന്നും കിരണിന്റെ കുടുംബം ആരോപിച്ചിരുന്നു.
Post a Comment