Join News @ Iritty Whats App Group

മൂന്നാറിൽ വിനോദസഞ്ചാരികളായ രണ്ട് ദമ്പതികൾ സഞ്ചരിച്ച കാറിന് നേരെ കാട്ടാനയുടെ ആക്രമണം;രക്ഷപെട്ടത് തലനാരിഴയ്ക്ക്


മൂന്നാർ: വിനോദസഞ്ചാരികളായ രണ്ട് ദമ്പതികൾ സഞ്ചരിച്ച കാറിന് നേരെ കാട്ടാനയുടെ ആക്രമണം. ഇടുക്കി ആനയിറങ്കലിന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. അരിക്കൊമ്ബന്‍ എന്നറിയപ്പെടുന്ന കാട്ടാനയാണ് കൊല്ലം സ്വദേശികളുടെ കാർ ആക്രമിച്ചത്. കാറിനുള്ളിൽ ഭയന്നുവിറച്ച നിലയിലായിരുന്നു ദമ്പതികൾ. കാർ കൊമ്പ് കൊണ്ടു കുത്തിനീക്കുകയും ചില്ലുകൾ തകർക്കുകയും ചെയ്തു. ഈ സമയം അതുവഴി ചരക്കുലോറി വരുന്നതുകണ്ടാണ് ആന പിൻവാങ്ങിയത്.
ആനയുടെ ആക്രമണത്തിൽനിന്ന് കാറിലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. കൊടൈക്കനാലില്‍നിന്ന് പൂപ്പാറവഴി ചിന്നക്കനാലിലേക്ക് പോകുന്നതിനിടെയാണ് കാറിനു നേരെ ആക്രമണം ഉണ്ടായത്. റോഡില്‍ നിന്ന ഒറ്റയാന്‍ കാറിനു നേരെ പാഞ്ഞടുക്കുകയും കൊമ്പ് കൊണ്ട് കാർ കുത്തിനീക്കുകയുമായിരുന്നു. അതിനുശേഷം കാറിന്‍റെ ചില്ലുകൾ തകർക്കുകയും ചെയ്തു. കാർ കുത്തിമറിക്കാനും ആന ശ്രമിച്ചു. എന്നാൽ ഈ സമയം അതുവഴി കടന്നുവന്ന ചരക്കുലോറി, തുടർച്ചയായി ഹോൺ മുഴക്കിയതോടെ ആന പിൻവാങ്ങുകയായിരുന്നു. ഉടൻ തന്നെ ആന വനത്തിലേക്ക് ഓടി മറയുകയും ചെയ്തു.

ഈ സമയം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രാത്രി പട്രോളിങ്ങിനായി സംഭവസ്ഥലത്തിന് സമീപത്തുണ്ടായിരുന്നു. വിവരമറിഞ്ഞതിനെത്തുടര്‍ന്ന്, വനംവകുപ്പുദ്യോഗസ്ഥരായ സാന്റി കെ.മാത്യു, ക്രിസ്റ്റോ ജോസഫ്, പി.എസ്.സുമേഷ് എന്നിവര്‍ സ്ഥലത്തെത്തി കാറിലുണ്ടായിരുന്നവരെ പൂപ്പാറയിലെ ഹോട്ടലിലേക്ക് മാറ്റി.

Post a Comment

Previous Post Next Post
Join Our Whats App Group