ഇരിട്ടി: കൊന്നും കൊലവിളിച്ചും ആറളം ഫാമില്‍ കാട്ടാനക്കൂട്ടത്തിന്റെ താണ്ഡവം തുടരുന്പോള്‍ നിസഹായരായി നാട്ടുകാര്‍
കാട്ടാനയാക്രമണത്തില്‍ ഇന്നലെ കൊല്ലപ്പെട്ട ദാമു ഉള്‍പ്പെടെ കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ആറളം ഫാമില്‍ കൊല്ലപ്പെട്ടത് 12 പേരാണ്. ചെത്തുതൊഴിലാളി കൊളപ്പ പാണലാട്ടെ റിജേഷിനെ കഴിഞ്ഞ ജനുവരി 31ന് ബ്ലോക്ക് ഒന്നിലാണ് കാട്ടാന ഓടിച്ച് ചവിട്ടിക്കൊന്നത്. റിജേഷടക്കം നാല് തൊഴിലാളികള്‍ തെങ്ങു ചെത്താന്‍ പോകുന്നതിനിടെയാണ് ആനയ്ക്ക് മുന്നില്‍പ്പെട്ടത്. തൊഴിലാളികള്‍ ചിതറിയോടുന്നതിനിടയില്‍ റിജേഷിനെ ആന പിന്തുടര്ന്ന് ചവിട്ടിക്കൊല്ലുകയായിരുന്നു.2014 ഏപ്രില്‍ 20ന് ബ്ലോക്ക് പതിനൊന്നിലെ ആദിവാസി മാധവിയാണ് ആദ്യം ആനയുടെ കുത്തേറ്റ് മരിച്ചത്. 2015 മാര്‍ച്ച് 24ന് ബ്ലോക്ക് ഏഴിലെ ബാലനെ കാട്ടാന കുത്തിവീഴ്ത്തി. ഗുരുതര പരിക്കേറ്റ ബാലന് ഏപ്രില്‍ നാലിന് മരിച്ചു. 2017ലാണ് ആറളം ഫാം മേഖലയില്‍ ഏറ്റവുമധികം പേര് കാട്ടാനകളുടെ വിഹാരത്തില്‍ മരിച്ചത്. അഞ്ചുപേര്‍ അക്കൊല്ലം കൊല്ലപ്പെട്ടു. ജനവരി പത്തിന് നരിക്കടവിലെ അഞ്ചാനിക്കല്‍ ബിജു ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു.
ഫെബ്രുവരി രണ്ടിന് അമ്ബായത്തോട്ടിലെ ഗോപാലന് പൊയ്യ, മാര്‍ച്ച് എട്ടിന് ആറളം ഫാം ബ്ലോക്ക് പത്തിലെ കോട്ടപ്പാറയില്‍ നാരായണന്റെ ഭാര്യ അമ്മിണി, ഏപ്രില്‍ അഞ്ചിന് ആറളം ഫാം കൈതച്ചക്ക കൃഷിയിടത്തില്‍ വച്ച് റെജി എന്നിവരും ആനയാക്രമണത്തില്‍ കൊല്ലപ്പെട്ടു. 2018 ഒക്ടോബര്‍ 29ന് ആറളം ഫാമിലെ ആദിവാസി വീട്ടമ്മ ദേവു, ഡിസംബര്‍ എട്ടിന് ആദിവാസിയായ കുഷ്ണന്‍ ചപ്പിലി, 2020 ഏപ്രില്‍ 26ന് ഫാം തൊഴിലാളിയായ ആറളം പന്നിമൂലയിലെ ബന്നപ്പാലന്‍ നാരായണന് എന്നിവരും കാട്ടാനകളുടെ മസ്തകങ്ങളില്‍ പിടഞ്ഞുമരിച്ചു. ഒക്ടോബര്‍ 31ന് ആറളം ഫാമിലെ ആദിവാസി യുവാവ് സതീഷ് (ബബീഷ്) വീട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. കാട്ടുപന്നി കുത്തി ഒരാളും മലാന് കുറുകെ ചാടി മറ്റൊരാളും ഇതേ കാലയളവില്‍ ഫാം മേഖലയില്‍ മരിച്ചു.
2021 സെപ്റ്റംബര്‍ 26ന് പുലര്‍ച്ചെ ഏഴിന് പെരിങ്കരിയില്‍ ചെങ്ങഴശേരി ജസ്റ്റിനെ പള്ളിയില്‍ പോകാന്‍ ഭാര്യക്കൊപ്പം ബൈക്കില്‍ വരവെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. കര്‍ണാടക വനത്തില്‍നിന്ന് പുഴ കടന്നെത്തി പേരട്ട ടൗണിലൂടെ ആറു കിലോമീറ്ററോളം പിന്നിട്ടെത്തിയ കാട്ടാനയാണ് ജസ്റ്റിനെ ആക്രമിച്ചത്.
വര്‍ഷം കഴിയുന്തോറും ആറളം വന്യജീവി സങ്കേതത്തില്‍നിന്ന് കൂടുതല്‍ കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുകയാണ്. ആറളം ഫാം വഴി നാട്ടിലേക്കിറങ്ങാന്‍ ആനത്താരകള്‍ രൂപപ്പെട്ടതുപോലെ ഫാം പിന്നിട്ട് 20 കിലോമീറ്റര്‍ ദൂരെ അത്തിത്തട്ട്, പായംമുക്ക് മേഖല വരെയെത്തി തിരികെ ഫാമിലേക്ക് മടങ്ങുന്ന കാട്ടാനക്കൂട്ടത്തിന്റെ കൊലവിളി തുടര്‍ക്കഥയാകുന്പോള്‍ വിധിയെ പഴിച്ചു കഴിയാനെ ഇവിടുത്തെ താമസക്കാര്‍ക്ക് നിവൃത്തിയുള്ളൂ.
പ്രഖ്യാപനങ്ങള്‍ മുറയ്ക്ക്, നടപടിയില്ലതാനും
ഇരിട്ടി: ആറളം ഫാമില്‍ കാട്ടാന ആക്രമണങ്ങളില്‍ ആളുകള്‍ മരിക്കുന്പോള്‍ പ്രഖ്യാപന പെരുമഴ നടത്തുന്ന അധികൃതര്‍ കേവലം മൂന്നോ ദിവസം കഴിയുമ്ബോള്‍ ഇതുസംബന്ധിച്ച് ഒരു തീരുമാനവും നടപ്പിലാക്കാന്‍ ശ്രമിക്കാറില്ല. പൊതുതാത്പര്യഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതിതന്നെ കാട്ടാനകളില്‍ നിന്ന് ആദിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് അടിയന്തര നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു.
22 കോടി രൂപ ആനമതില്‍ നിര്‍മാണത്തിന് അനുവദിച്ചെന്ന് രണ്ടു വര്‍ഷമായി പറയുന്നുണ്ടെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.
കാട്ടാന ആളെ കൊന്നാല്‍ ഉടന്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും സംഘമെത്തി പ്രഖ്യാപനം നടത്തി മടങ്ങും. ഓരോ സംഭവം ഉണ്ടാകുമ്ബോഴും ആദിവാസികള്‍ മൃതദേഹം തടഞ്ഞുവച്ച് ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പ് വാങ്ങിക്കും. അതും ജലരേഖയാകും. വനംവകുപ്പ് റാപ്പിഡ് റസ്പോണ്‍സ് ടീമിനെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും ആന വീട്ടുമുറ്റത്തെത്തിയ കാര്യം പറഞ്ഞ് വിളിച്ചാല്‍ പലപ്പോഴും ഫോണ്‍ എടുക്കില്ലത്രെ. ഫോണ്‍ എടുത്താല്‍ത്തന്നെ പലപ്പോഴും കാട്ടാനയെ ജനവാസകേന്ദ്രത്തില്‍നിന്ന് ഫാമിലേക്ക് തുരത്തുകയാണ് ചെയ്യുന്നത്.
ഫാമിലെ കൃഷിയിടങ്ങളിലെത്തി വിഹരിക്കുന്ന കാട്ടാനകള്‍ തിരിച്ച് വീണ്ടും ജനവാസകേന്ദ്രത്തിലേക്ക് എത്തുകയും ചെയ്യും.
ആനകളെ വനത്തിലേക്ക് തുരത്തി വനാതിര്‍ത്തിയില്‍ ആനമതിലോ ഹാങ്ങിംഗ് ഫെന്‍സിംഗോ സ്ഥാപിക്കണമെന്നാണ് ആവശ്യം. എന്നാല്‍ ആനയെ തുരത്താനെന്ന പേരില്‍ നടത്തുന്ന നിര്മാണപ്രവര്ത്തനത്തിലെല്ലാം കോടികളുടെ അഴിമതി ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Post a Comment