ദില്ലി: കെ റെയില്‍ പദ്ധതി സംബന്ധിച്ച് വിശദമായ പരിശോധന ആവശ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളത്തിന്‍റെ ഡിപിആറില്‍ മതിയായ വിശദാംശങ്ങളില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പാര്‍ലമെന്‍റില്‍ പറഞ്ഞു. കെ റെയിലിനോട് വിവരങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കെ റെയില്‍ പദ്ധതിക്കുള്ള അനുമതി എന്തായാലും നീളും എന്നുള്ള സൂചനകളാണ് കേന്ദ്രം ഇപ്പോള്‍ പാര്‍ലമെന്‍റില്‍ നല്‍കുന്നത്. ഒരു ചോദ്യത്തിന് മറുപടിയായാണ് രേഖാമൂലമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കേരളത്തോട് പല കാര്യങ്ങളും ആവശ്യപ്പെട്ടുവെന്ന് ഈ രേഖയില്‍ പറയുന്നുണ്ട്. കേരളം നല്‍കിയ ഡിപിആറില്‍ കെ റെയില്‍ പദ്ധതിയുടെ സാങ്കേതികത സംബന്ധിച്ച് മതിയായ വിശദാംശങ്ങളില്ല. അലൈന്‍മെന്‍റ് സ്ലാംഗ്, ബന്ധപ്പെട്ട ഭൂമിയുടെയും സ്വകാര്യ ഭൂമിയുടെയും വിശദാംശങ്ങള്‍, ഇവയിലുള്ള റെയില്‍വേ ക്രോസിംഗുകളുടെ വിവരങ്ങള്‍തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ അറിയിക്കാന്‍ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. കെ റെയില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഇക്കാര്യങ്ങളില്‍ വിശദാംശങ്ങള്‍ കിട്ടിയ ശേഷം കൂടുതല്‍ സാങ്കേതിക പരിശോധന നടത്തേണ്ടതുണ്ട്. മണ്ണിന്‍റെ അവസ്ഥ, ഡ്രെയിനേജ്, പരിസ്ഥിതി പ്രശ്നങ്ങള്‍ , കടബാധ്യതകള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആലോചന നടത്തേണ്ടതുണ്ട് എന്നും കേന്ദ്രം വ്യക്തമാക്കുന്നു.
ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ പരാതികള്‍ ഉയരുന്നുണ്ടെന്നും കേന്ദ്രം പറയുന്നു. ആയിരക്കണക്കിന് ഹെക്ടര്‍ കൃഷിയോഗ്യമായ ഭൂമി, ഇരുപതിനായിരം വീടുകളും വ്യാപാരസ്ഥാപനങ്ങളുമൊക്കെ പദ്ധതിയുടെ പേരില്‍ നശിപ്പിക്കും എന്നതാണ് പ്രധാന പരാതിയായി എത്തിയിട്ടുള്ളത്. നിര്‍ദ്ദിഷ്ട അലൈന്‍മെന്‍റ് നിരവധി മതപരമായ സ്ഥാപനങ്ങളും തകര്‍ക്കുമെന്നും പരാതി കിട്ടിയിട്ടുണ്ട് എന്നും കേന്ദ്രം വ്യക്തമാക്കുന്നു.
Post a Comment