കണ്ണൂര്‍ മട്ടന്നൂരില്‍ വീടിനുള്ളിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. ആക്രി സാധനങ്ങള്‍ ശേഖരിച്ച് വിറ്റ് ഉപജീവനം നടത്തിയിരുന്ന ഇതര സംസ്ഥാന തൊഴിലാളികളായ അച്ഛനും മകനുമാണ് മരിച്ചത്. ആക്രി സാധനങ്ങള്‍ക്കൊപ്പം ഉപേക്ഷിക്കപ്പെട്ട സ്റ്റീല്‍ ബോംബുകള്‍ ലഭിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
സംഭവത്തില്‍ ആക്രിക്കച്ചവട സ്ഥാപന ഉടമയെ ചോദ്യം ചെയ്യും. സ്ഫോടന കാരണം കണ്ടെത്താന്‍ വിശദമായി അന്വേഷണം ആവശ്യമാണൊണ് പൊലീസ് പറയുന്നത്. ബോംബിന്റെ ഉറവിടത്തെ കുറിച്ചും അന്വേഷിക്കും. കൂടുതല്‍ ബോംബുകള്‍ ഉണ്ടോയെന്നും പരിശോധിക്കും. അസം സ്വദേശികളായ ഫസല്‍ ഹഖ്, ഷഹീദുള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. 50 കാരനായ ഫസല്‍ ഹഖിന്റെ മകനായിരുന്നു ഷഹീദുള്‍.
മട്ടന്നൂര്‍ പത്തൊന്‍പതാം മൈലിലാണ് സംഭവം. ഇവര്‍ വാടകയ്ക്ക് താമസിച്ച വീട്ടില്‍ ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയിലാണ് സ്ഫോടനം ഉണ്ടായത്. ഒരാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആക്രിസാധനങ്ങള്‍ തരംതിരിക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. ഒന്നില്‍ കൂടുതല്‍ ബോംബുകള്‍ പൊട്ടിത്തെറിച്ചെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭ്യമായാലെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കൂ. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂരിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയിരുന്നു. ആക്രിക്കച്ചവട സ്ഥാപനത്തില്‍ മുന്‍പും അസ്വാഭാവിക സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും പരാതിയുണ്ട്. ഇതേ തുടര്‍ന്നാണ് ഉടമയെ ചോദ്യം ചെയ്യുന്നത്. സ്ഥാപനത്തിലെ മറ്റു തൊഴിലാളികളുടെയും മൊഴി രേഖപ്പെടുത്തും.
Post a Comment