ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പുതിയ ലുലുമാളിനുള്ളില്‍ നിസ്‌കരിച്ചവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി മാള്‍ അധികൃതര്‍. നിസക്കരിക്കാൻ സ്ഥലം നൽകിയെന്ന പേരിൽ മാളിനെതിരെ ഹിന്ദു സംഘടന നല്‍കിയ പരാതിക്ക് പിന്നാലെയാണ് ലുലു ഗ്രൂപ്പും പരാതി നൽകിയത്. ഇതിന് പുറമേ മാളിനുള്ളില്‍ ഒരു മതാചാര പ്രകാരമുള്ള പ്രാര്‍ത്ഥനയും അനുവദിക്കില്ലെന്ന അറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചു. 'ലുലു മസ്ജിദ്' എന്ന് വിളിച്ചുകൊണ്ടാണ് മാളില്‍ ചിലര്‍ നിസ്‌കരിക്കുന്നതിന്റെ വീഡിയോ അഖില ഭാരത ഹിന്ദു മഹാസഭ പ്രചരിപ്പിച്ചത്.
അതിനിടെ നിസ്ക്കരിക്കാൻ അനുമതി നല്‍കിയതിന് മാനേജ്മെന്റിനെതിരെ പൊലീസ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്തിരുന്നു. മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ചാണ് ഒരു വിഭാഗം ആളുകൾ നൽകിയ പരാതിയിലാണ് ലുലുമാള്‍ മാനേജ്മെന്റിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ലുലുമാളില്‍ ആളുകള്‍ നിസ്ക്കരിക്കുന്ന വീഡിയോ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മാളിലെ നിസ്ക്കാരത്തിനെതിരെ സുശാന്ത് ഗോള്‍ഫ് സിറ്റി പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. 295എ, 153എ, 341, 505 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
ഞായറാഴ്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്ത ലുലു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളമാളില്‍ ആളുകള്‍ നിസ്കരിക്കുന്ന വീഡിയോ ആണ് വൈറലായത്. മാളിലെ നിസ്ക്കാരത്തിനെതിരെ വിവിധ ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയിരുന്നു. ഹിന്ദുക്കൾ ലുലുമാൾ ബഹിഷ്ക്കരിക്കണമെന്ന് അഖില ഭാരത ഹിന്ദു മഹാസഭ ആഹ്വാനം ചെയ്തു.
''പൊതുസ്ഥലത്ത് പ്രത്യേക മതങ്ങളുടെ പ്രാർഥനയും മറ്റും നടത്തരുത് എന്ന നിയമം ലുലുമാളിൽ തെറ്റിച്ചിരിക്കുകയാണെന്ന് ഹിന്ദു മഹാസഭ ആരോപിച്ചു. മാളിലേക്ക് നിയമിക്കപ്പെട്ട എഴുപത് ശതമാനം പുരുഷന്മാരും ഒരു സമുദായത്തില്‍നിന്നുള്ളവരാണ്. പെണ്‍കുട്ടികള്‍ മറ്റൊരു സമുദായത്തില്‍നിന്നുള്ളവരും. മതഭ്രാന്തുള്ള വ്യക്തിയുടേതാണ് മാള്‍. ലൗ ജിഹാദ് പ്രചരിപ്പിക്കാനുള്ള നീക്കമാണിത്. സംഭവത്തില്‍ അന്വേഷണം വേണമെന്നും മഹാസഭ വക്താവ് ശിശിര്‍ ചതുര്‍വേദിയും സംഘവും പൊലീസിന് പരാതി നല്‍കുകയായിരുന്നു. തന്നെയും മഹാസഭയിലെ മറ്റ് അംഗങ്ങളെയും മാളില്‍ കയറാന്‍ അനുവദിച്ചില്ലെന്നും ചതുര്‍വേദി ആരോപിച്ചു.
Post a Comment