Join News @ Iritty Whats App Group

'സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വച്ച് വോട്ട് പിടിക്കുന്നു'; ബിജെപിക്കെതിരെ വിമര്‍ശനവുമായി ബിജെപി എംഎല്‍എ


ഭോപ്പാല്‍: മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ  വിമര്‍ശനവുമായി ബിജെപി എംഎല്‍എ തന്നെ രംഗത്ത്. 
തദ്ദേശ തെരഞ്ഞെടുപ്പിൽ സർക്കാർ സംവിധാനങ്ങളെ മുഴുവൻ സ്വന്തം പാർട്ടി നേട്ടത്തിനായി ഉപയോഗിച്ചെന്നാണ് മധ്യപ്രദേശിലെ ബിജെപി എംഎൽഎ ആരോപിക്കുന്നത്. ബിജെപി എംഎല്‍എ നാരായൺ ത്രിപാഠിയാണ് പാര്‍ട്ടിക്കെതിരെ രംഗത്ത് എത്തിയത്.

ഞാൻ ബി.ജെ.പിക്ക് എതിരല്ല, എന്നാൽ സംഭവിക്കുന്നത് എന്നെ വേദനിപ്പിക്കുന്നു, മൈഹാറിൽ നിന്നും നാല് തവണ എം.എൽ.എയായ നാരായൺ ത്രിപാഠി പറഞ്ഞു. മൈഹാർ പ്രദേശത്ത് പര്യടനം നടത്തിയപ്പോള്‍, പട്‌വാരി റാങ്ക് മുതൽ ഉന്നതർ വരെയുള്ള ഉദ്യോഗസ്ഥർ ഒരു പ്രത്യേക പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തുന്നത് കണ്ടിട്ടുണ്ട്. 

ബി.ജെ.പിക്ക് വോട്ട് പിടിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. ഞാൻ ഒരു ബിജെപി എംഎൽഎയാണ്, പക്ഷേ ഇത്തരം സംഭവങ്ങൾ കാണുമ്പോൾ എനിക്ക് വേദനയും അസ്വസ്ഥതയും തോന്നുന്നു. ഈ രാജ്യത്ത് ഇന്ന് 2 മിനിറ്റിനുള്ളിൽ ഒരു സർക്കാരിനെ താഴെയിറക്കാൻ കഴിയും തദ്ദേശ തെരഞ്ഞെടുപ്പിലും ഇതാണ് സംഭവിക്കുന്നത്. ഇത് സംഭവിക്കാൻ പാടില്ല.- ഇദ്ദേഹം പറയുന്നു.

ത്രിപാഠിയുടെ ആരോപണങ്ങളോട് പ്രതികരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് "സത്യം പറയാൻ ധൈര്യം കാണിക്കുന്ന ഒരാൾ ബിജെപിയിലുണ്ട്. അഭിനന്ദനങ്ങൾ, നന്ദി നാരായൺ ത്രിപാഠി, ആയിരക്കണക്കിന് മത്സരാർത്ഥികളുടെ വേദന നിങ്ങൾ തുറന്നുകാട്ടി.പ്രിസൈഡിംഗ് ഓഫീസർമാർ ജനാധിപത്യം പരസ്യമായി തല്ലിത്തകർത്തു" ദിഗ്‌വിജയ് സിംഗ് ആരോപിച്ചു.

പലപ്പോഴും പാര്‍ട്ടി മാറി മാറി മത്സരിച്ച ഒരു വ്യക്തിയാണ് നാരായൺ ത്രിപാഠി, 2003ൽ സമാജ്‌വാദി പാർട്ടിയുടെ സ്ഥാനാർഥിയായും 2013ൽ കോൺഗ്രസ് സ്ഥാനാർഥിയായും 2016ലെ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായും 2018ൽ വീണ്ടും ബിജെപി ടിക്കറ്റിലും അദ്ദേഹം മൈഹാറിൽ നിന്ന് വിജയിച്ചു.

2019 ജൂലൈയിൽ നിയമസഭയില്‍ ഒരു ബില്ലിൽ അന്നത്തെ ഭരണകക്ഷിയായ കോൺഗ്രസിന്റെ എംഎൽഎമാർക്കൊപ്പം വോട്ട് ചെയ്ത രണ്ട് ബിജെപി എംഎൽഎമാരിൽ ഒരാളാണ് ത്രിപാഠി.

Post a Comment

Previous Post Next Post
Join Our Whats App Group